Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി, 23,000 പേരെ ഒഴിപ്പിച്ചു

ഇംഫാല്‍ - അക്രമ സംഭവങ്ങള്‍ വ്യാപിച്ച മണിപ്പുരില്‍ അസം റൈഫിള്‍സും സൈന്യവും ചേര്‍ന്ന് 23,000 പേരെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. ഇവരെ സൈനിക ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഇതുവരെ പ്രദേശത്ത് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കര്‍ഫ്യൂ സമയം രാവിലെ 7 മണി മുതല്‍ 10 വരെയായി ചുരുക്കിയിട്ടുമുണ്ട്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുരില്‍ ചീഫ് സെക്രട്ടറിയെ മാറ്റി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരുന്ന വിനീത് ജോഷിയാണ് പുതിയ ചീഫ് സെക്രട്ടറി. മണിപ്പുര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഇദ്ദേഹത്തെ ഡപ്യൂട്ടേഷനില്‍നിന്നു തിരികെ അയച്ചു. സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മണിപ്പുര്‍ ശാന്തമാകുകയാണ്.
കേന്ദ്ര സര്‍വകലാശാലയിലെ ഒമ്പത് മലയാളി വിദ്യാര്‍ഥികളെ ഇംഫാലില്‍നിന്നു കൊല്‍ക്കത്തയിലേക്കും തുടര്‍ന്ന് ബെംഗളൂരുവിലേക്കും എത്തിക്കും. എന്നാല്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍, കുടുംബമായി കഴിയുന്നവര്‍ തുടങ്ങിയ മലയാളികളുടെ നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സുരക്ഷാ പരിശോധനയുടെ പേരില്‍ നാട്ടുകാര്‍ വീടുകളില്‍ അതിക്രമിച്ചു കയറുകയാണെന്ന് മലയാളികള്‍ ആശങ്കയോടെ പറയുന്നു.
അസം റൈഫിള്‍സിന്റെയും സൈന്യത്തിന്റെയും 120ലധികം യൂണിറ്റുകളെയാണ് വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. 24 മണിക്കൂറായി സൈന്യത്തിന്റെ ശക്തമായ നിരീക്ഷണത്തിലാണ് പ്രദേശം. പ്രദേശത്ത് സൈന്യം വ്യോമനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ചാണ് വ്യോമനിരീക്ഷണം. കലാപത്തില്‍ ഇതുവരെ 55ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം.

 

Latest News