തിരുവനന്തപുരം- പൊതുപ്രവർത്തകയും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീജ നെയ്യാറ്റിൻകരക്കുനേരെ ഫെയ്സ്ബുക്കിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ നിധിൻ പാലിലാണ്ടിക്കെതിരെ നടപടിയെടുക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് വനിത കമ്മീഷന് പരാതി നൽകി. സാമൂഹ്യ പ്രവർത്തകരായ സോണിയ ജോർജ്ജ്, സി.എസ്. ചന്ദ്രിക, കെ.കെ ഷാഹിന, വിധു വിൻസെന്റ്, സീറ്റാ ദാസൻ എന്നിവരാണ് പരാതി നൽകിയത്.
പൊതുരംഗത്ത് ഇടപെടുന്നവരും സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നവരുമായ സ്ത്രീകൾക്ക് നേരെ ഇത്തരത്തിൽ അപവാദ പ്രചാരണവും കടന്നാക്രമണവും നടത്തുന്നത് പതിവായിരിക്കുകയാണെന്നും പരാതിപ്പെട്ടാൽ കൃത്യമായ നടപടികളുണ്ടാവുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഇത്തരം ആക്രമണങ്ങളെ തുടർന്ന് പല സ്ത്രീകളും സോഷ്യൽ മീഡിയ തന്നെ ഉപേക്ഷിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.
ശ്രീജക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണങ്ങളാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചത്. ശ്രീജയുടെ സാമൂഹ്യ ഇടപെടലുകളെ തന്നെ ഏറെ ദുഷ്കരമാക്കാനും ശ്രീജയെ നിശ്ശബ്ദയാക്കാനും ലക്ഷ്യം വെച്ചുള്ള പ്രവൃത്തിയാണിത്.
ലൈംഗികാധിഷേപം നടത്തുകയും തെറി വിളിക്കുകയും ചെയ്തതിന്റെ സ്ക്രീൻഷോട്ടും ലിങ്കുകളും പരാതിയോടൊപ്പം ചേർത്തിട്ടുണ്ട്.