കലബുറഗി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജാക്കറ്റ് മാത്രമാണ് പ്രശസ്തമെന്നും അദ്ദേഹം അത് ദിവസം നാല് തവണ മാറ്റുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ കലബുറഗിയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനെ അധിക്ഷേപിച്ചാല്‍ രാജ്യം പുരോഗമിക്കുമോയെന്ന് ഖാര്‍ഗെ ചോദിച്ചു. എവിടെ പോയാലും മോഡി, മോഡിയെന്നാണ് വിളി. ഇതുകൊണ്ടു മാത്രം രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുമോ. ഈ പ്രദേശത്തിനും രാജ്യത്തിനും നല്ലത് ചെയ്യാന്‍ തയാറാകണം- അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് കോണ്‍ഗ്രസുകാര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ സര്‍ക്കാര്‍ പദവികള്‍ നേടുന്ന തിരക്കിലായിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും ഒരു പങ്കുമില്ല.
കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് മോഡി ചോദിച്ചു കൊണ്ടേയിരിക്കുന്നത്. 'അരേ ഭായ്', 70 വര്‍ഷത്തിനിടെ ഞങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമായിരുന്നില്ല. ഞങ്ങള്‍ സ്വാതന്ത്ര്യം കൊണ്ടുവന്നു. മഹാത്മാഗാന്ധി തന്റെ ജീവന്‍ പണയപ്പെടുത്തി നമുക്ക് സ്വാതന്ത്ര്യം നല്‍കി- ഖാര്‍ഗെ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഗാന്ധി തൊപ്പി പ്രശസ്തനായത് ഗാന്ധി കാരണമാണ്. നെഹ്‌റു കുപ്പായം പ്രശസ്തമായത് നെഹ്‌റു കാരണമാണ്. നിങ്ങളുടെ ജാക്കറ്റ് മാത്രമാണ് പ്രശസ്തമായത്. നിങ്ങള്‍ ദിവസവും നാല് ജാക്കറ്റുകള്‍ ധരിക്കുന്നു ചുവപ്പ്, മഞ്ഞ, നീല, കുങ്കുമം. ഇപ്പോഴിത് മോഡി ജാക്കറ്റ്' എന്ന പേരില്‍ പ്രശസ്തമാവുകയാണ്.
ഇന്ത്യന്‍ ഭരണഘടന എഴുതാന്‍ കോണ്‍ഗ്രസ് ഡോ.ബി.ആര്‍ അംബേദ്കറോടാണ് ആവശ്യപ്പെട്ടത്. അത് വോട്ടവകാശം ഉള്‍പ്പെടെ ജനങ്ങള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കി. ദലിതരും ആദിവാസികളും മറ്റ് പിന്നാക്ക സമുദായക്കാരും പഞ്ചായത്ത് പ്രസിഡന്റും എം.എല്‍.എയും എം.പിയും മന്ത്രിയും ആകുന്നുണ്ടെങ്കില്‍ അതിന് കാരണം കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ ഭരണഘടനയാണ്. 70 വര്‍ഷം മുമ്പ് ഇത് സാധ്യമായിരുന്നില്ല- അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ സ്വാതന്ത്ര്യത്തിനായി പോരാടട്ടെ. നമ്മുടെ കേഡര്‍മാരുടെ ശ്രദ്ധ സര്‍ക്കാര്‍ ജോലി നേടുന്നതിലായിരിക്കണമെന്നാണ് ആര്‍.എസ്.എസ് പറഞ്ഞത്. അവരുടെ എല്ലാ കേഡര്‍മാര്‍ക്കും സര്‍ക്കാരിലും സൈന്യത്തിലും ജോലി ലഭിച്ചു. നല്ല സാധ്യതയുള്ള സ്ഥലങ്ങള്‍ നോക്കി അവര്‍ പോയി- ഖാര്‍ഗെ ആരോപിച്ചു.
പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിക്കാത്തതിനാല്‍ കര്‍ണാടകയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് സംസ്ഥാനവുമായി ബന്ധപ്പെട്ട ഒരു വിഷയവും പ്രധാനമന്ത്രിയോട് ഉന്നയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.