പാലക്കാട് - അട്ടപ്പാടി സാമ്പാർകോട് ഊരുമൂപ്പൻ രങ്കന്റെ നേതൃത്വത്തിൽ ആദിവാസികൾ അപേക്ഷ നൽകി കാത്തിരിക്കുകയാണ്, വനംവകുപ്പു മന്ത്രി കെ. രാജുവിനെ ഒന്നു കാണാൻ. മൂന്ന് ആദിവാസി ഊരുകളിലെ ജനങ്ങളുടെ വൈകാരിക പ്രശ്‌നം സർക്കാരിനു മുന്നിൽ അവതരിപ്പിക്കണം.
ഒമ്പതു പേരുടെ ജീവൻ അപഹരിച്ച കുറ്റത്തിന് കോടനാട് ആനപരിശീലന കേന്ദ്രത്തിൽ കഴിയുന്ന പീലാണ്ടി എന്ന ഒറ്റയാനാണ് കഥയിലെ നായകൻ. കോടനാട്ട് എത്തിയപ്പോൾ ആനയുടെ പേര് ചന്ദ്രശേഖരൻ എന്നാക്കിക്കൊണ്ടുള്ള വനംവകുപ്പിന്റെ തീരുമാനം ഊരു നിവാസികൾക്ക് ദഹിച്ചിട്ടില്ല. രേഖകളിൽ പീലാണ്ടിയെന്ന പേര് പുനഃസ്ഥാപിക്കണമെന്നതാണ് അവരുടെ ആവശ്യം. സാമ്പാർകോട്, മേലേ സാമ്പാർകോട്, ബോഡിച്ചള്ള എന്നീ ഊരുകളിലെ ജനങ്ങൾ കൂട്ടായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ കാണാൻ അനുമതി ചോദിച്ച് ഊരുമൂപ്പനും സംഘവും വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇക്കാര്യമാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനും ധാരണയായിട്ടുണ്ട്.
അട്ടപ്പാടി മേഖലയിൽ കൊലവിളിയുമായി നടന്നിരുന്ന പീലാണ്ടിയെ ഒരു വർഷം മുമ്പാണ് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് പിടികൂടി കോടനാട്ടേക്ക് കൊണ്ടു പോയത്. ആനയുടെ പരാക്രമത്തിൽ മരിച്ചതധികവും ഊരുനിവാസികൾ ആയിരുന്നുവെങ്കിലും ആനയെ കൊണ്ടുപോയത് അവരുടെ സമ്മതത്തോടെയല്ല. കാടിനോട് ചേർന്ന് കഴിയുന്ന ആദിവാസികളെ സംബന്ധിച്ചിടത്തോളം ആന ഗണേശ ഭഗവാനാണ്. കാട്ടിൽ വെച്ച് അവയുടെ ചവിട്ടേറ്റു മരിക്കുന്നത് പുണ്യമാണ്. ഒറ്റയാന്റെ ആക്രമണത്തിൽ ആദ്യം കൊല്ലപ്പെട്ട പീലാണ്ടി എന്ന ഊരുനിവാസിയുടെ പേർ തന്നെ നൽകി അവനെ ആരാധിച്ചു വരികയായിരുന്നു അവർ. ആ പേരിനോട് ഉള്ള വൈകാരികമായ അടുപ്പവും അതുതന്നെ. കുടിയേറ്റ കർഷകരുടെ നിരന്തരമായ മുറവിളിക്കൊടുവിലാണ് ഒമ്പതു മരണത്തിന് കാരണക്കാരനായ പീലാണ്ടിയെ ഒരു കൊല്ലം മുമ്പ് വനംവകുപ്പ് കൊണ്ടു പോയത്. ആനയെ കൊണ്ടു പോകരുതെന്നാവശ്യപ്പെട്ട് ആദിവാസികൾ ബഹളം വെച്ചത് അന്ന് പ്രദേശത്ത് സംഘർഷാവസ്ഥക്ക് വഴിയൊരുക്കിയിരുന്നു.
പീലാണ്ടിക്കു വേണ്ടി ആദിവാസികൾ ഒറ്റക്കെട്ടായി അണിനിരക്കുന്നത് ഇതാദ്യമായല്ല. കോടനാട്ടേക്ക് കൊണ്ടുപോയ 'തങ്ങളുടെ പ്രിയപ്പെട്ട ആനയെ' കാണാനും ആരാധിക്കാനും അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഊരുനിവാസികൾ വനംവകുപ്പിനെ സമീപിച്ചിരുന്നു. അത് മാനിച്ച് കഴിഞ്ഞ നവംബർ ഏഴിന് വനംവകുപ്പ് ആദിവാസികളെ കൊണ്ടുപോകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വനംവകുപ്പിന്റെ വാഹനത്തിൽ 11 കുട്ടികളടക്കം 65 ആദിവാസികൾ പീലാണ്ടിയെ കാണാൻ കോടനാട്ട് പോയത് ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായി. പഴക്കുലകളും നാളികേരവും ശർക്കരയുമുൾപ്പെടെയുള്ള വിശിഷ്ടവസ്തുക്കൾ തങ്ങളുടെ സ്വാമിക്കു മുന്നിലർപ്പിച്ച് കുറേനേരം അവിടെ ചെലവഴിച്ചതിനു ശേഷമാണ് അന്ന് സംഘം മടങ്ങിയത്.
ആനയുടെ പേരു മാറ്റണമെന്ന കാര്യത്തിൽ ഊരുനിവാസികളുടെ ആവശ്യം അവസാനിക്കുന്നില്ല. പീലാണ്ടിയെ അട്ടപ്പാടിയിലേക്ക് തന്നെ കൊണ്ടുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ആദിവാസി നേതാവും സാമൂഹ്യപ്രവർത്തകനുമായ കെ.എ. രാമു പറഞ്ഞു. ആദിവാസികളുടേത് ഒരു പ്രത്യേക സമൂഹമാണ്. അവർക്ക് അവരവരുടേതായ വിശ്വാസങ്ങളും രീതികളും ഉണ്ട്. അതിനെ തെല്ലും പരിഗണിക്കാതെ കുടിയേറ്റക്കാരുടെ വാക്ക് മാത്രം കേട്ടാണ് വനം വകുപ്പുദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ തങ്ങളുടെ വൈകാരികമായ നിലപാട് മന്ത്രിയെ ബോധ്യപ്പെടുത്തും. അനുകൂലമായ നിലപാടല്ല ഉണ്ടാകുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങും. മൂന്ന് ഊരുകൾ മാത്രമല്ല, മുഴുവൻ ഊരുകളും സമരത്തിൽ അണിനിരക്കും- രാമു മലയാളം ന്യൂസിനോട് പറഞ്ഞു.