മുംബൈ - മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ 16 എം.എല്‍.എമാരുടെ അയോഗ്യത ഹരജിയില്‍ സുപ്രീം കോടതി വിധി വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കവേ, മഹാരാഷ്ട്രയില്‍ ആകാംക്ഷ നിറയുന്നു. സംസ്ഥാന രാഷ്ട്രീയം വീണ്ടും വഴിത്തിരിവ് സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഷിന്‍ഡെ വിഭാഗവും സഖ്യകക്ഷിയായ ബി.ജെ.പിയും ആവേശത്തിലാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും വലിയ തീരുമാനത്തിനായി ഒരുപോലെ കാത്തിരിക്കുകയാണ്. കോടതി വിധി സംസ്ഥാന രാഷ്ട്രീയത്തിന്റെ അടുത്ത ഗതി നിര്‍ണയിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.
അധികാരത്തിന്റെ ഇടനാഴികളിലും മഹാരാഷ്ട്രയിലെ നിയമസഭാ സെക്രട്ടേറിയറ്റിലും രണ്ട് സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെടില്ല എന്നതാണ് ഒന്നാമത്തെ സാധ്യത. പകരം, സുപ്രീം കോടതി വിഷയം സംസ്ഥാന നിയമസഭാ സ്പീക്കര്‍ക്ക് കൈമാറുന്നു. ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാരിന് നിലവിലെ സ്ഥിതി നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
ഷിന്‍ഡെ ഉള്‍പ്പെടെ 16 എം.എല്‍.എമാരെ കോടതി അയോഗ്യരാക്കുന്നതാണ് രണ്ടാമത്തെ സാധ്യത. ഇത്തരമൊരു സാഹചര്യത്തില്‍ ഷിന്‍ഡെക്ക് ഉടന്‍ രാജിവക്കേണ്ടി വരും. അങ്ങനെ, ഒരു പുതിയ മുഖ്യമന്ത്രിക്കൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ മുഴുവന്‍ പ്രക്രിയയും വീണ്ടും ആരംഭിക്കും.അങ്ങനെ വന്നാല്‍ എന്‍.സി.പിയെ പിളര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇത് ദേശീയ തലത്തില്‍തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.