ഇംഫാല്‍ - മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ അയവുണ്ടായതിനെ തുടര്‍ന്ന് നിരോധനാജ്ഞയില്‍ ഇളവ് പ്രഖ്യാപിച്ചു. സംഘര്‍ഷം നടന്ന ചുരചന്ത്പൂരില്‍ രാവിലെ 7 മുതല്‍ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി. ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. മുഖ്യമന്ത്രി ബീരേന്‍ സിങ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തി. സംസ്ഥാനത്ത് സര്‍വ്വ കക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി, സമാധാന ശ്രമങ്ങള്‍ക്ക് പാര്‍ട്ടികളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ ഉള്ളതിനേക്കാള്‍ ഏറെ ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. നിരവധി ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും തകര്‍ക്കുകയും തീവെക്കുകയും ചെയ്തു. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്കു തീയിടുകയും പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കലാപത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ ഇതിന്റെ ഇരട്ടിയിലേറെയാണെന്ന് പ്രദേശത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.