ഇംഫാല്‍- സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സുരക്ഷാ സേന മെയ്തികളെ ഒഴിപ്പിക്കുന്നതിനിടെ വെടിയേറ്റ് നാല് പേര്‍ മരിച്ചു. ലെറ്റ്മിന്‍താങ് ഹാക്കിപ് എന്ന ടാക്‌സ് അസിസ്റ്റന്റ് ഇംഫാലില്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ റവന്യൂ സര്‍വീസ് അസോസിയേഷന്‍ അറിയിച്ചു.
മെയ്‌തേയ് സമുദായവും കുക്കി ഗോത്രങ്ങളും തമ്മില്‍ ദിവസങ്ങളോളമായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെയാണ് ചുരാചന്ദ്പൂരിലെ വെടിവയ്പുണ്ടായത്.
ഇംഫാലില്‍ കുക്കികള്‍ ആക്രമിക്കപ്പെടുമ്പോള്‍ മലയോര ഗോത്രവര്‍ഗ്ഗക്കാരുടെ ആധിപത്യമുള്ള പ്രദേശങ്ങളില്‍ മെയ്തികളാണ് ലക്ഷ്യമാകുന്നത്. പ്രദേശത്തുനിന്ന് മെയ്തികളെ ഒഴിപ്പിക്കുന്നതില്‍ ആദിവാസികള്‍ ഇടപെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവയ്പുണ്ടായത്.
വൈകിട്ട് ഏഴു മണിയോടെയാണ് പട്ടണത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നതായി വിവരം ലഭിച്ചത്. അതോടെ ആളുകള്‍ കൂട്ടംകൂടുകയും ബാരിക്കേഡിന് മുമ്പില്‍ സ്ത്രീകളെ നിര്‍ത്തുകയുമായിരുന്നു. വനിതകളായതിനാല്‍ വെടിവെക്കില്ലെന്നാണ് കരുതിയതെന്നും എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതോടെ നാലുപേര്‍ മരിക്കുകയായിരുന്നു.
ഇരുന്നൂറോളം പേരാണ് പ്രദേശത്ത് തടിച്ചു കൂടിയത്. വെടിവെയ്പില്‍ നാലുപേരാണ് മരിച്ചതെന്ന് ഇംഫാലിലെ അസം റൈഫിള്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര സുരക്ഷാ സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചുവെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരണ സംഖ്യ മൂന്നാണെന്നാണ് പറയുന്നത്.