കൊല്‍ക്കത്ത- കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ ക്യൂബന്‍ പൈലറ്റിന് ഹൃദാഘാതമുണ്ടായി. ഇംഫാലില്‍ നിന്നും കൊല്‍ക്കത്തിയില്‍ വന്നിറങ്ങിയ വിമാനം പറത്തിയ ക്യാപ്റ്റന്‍ സില്‍വിയോ ഡയസ് അക്കൊസ്റ്റയ്ക്കാണ് ഗുരുതരമായ ഹൃദാഘാതം ഉണ്ടായത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയ അക്കൊസ്റ്റയ്ക്ക് വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിലെത്തി പരിശോധന നടത്തിയപ്പോഴാണ് അപകടത്തിന്റെ ആഴം മനസ്സിലായത്. ഹൃദയം ഭാഗികമായെ പ്രവര്‍ത്തിച്ചിരുന്നുള്ളൂവെന്നും മരണ സാധ്യത ഏറെയാണെന്നും ഇസിജി പരിശോധനയില്‍ വ്യക്തമായതോടെ ഉടന്‍ 63-കാരനായ അക്കോസ്റ്റയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വിമാനം ലാന്‍ഡിങ്ങിനായി തയാറെടുക്കുന്നതിനിടെ ആകാശത്തു വച്ച് നെഞ്ചില്‍ കുത്തുന്ന വേദന അനുഭവപ്പെടുകയും ശരീരമാസകലം വിയര്‍ക്കുകയും ചെയ്യുകയായിരുന്നു. ദേഹാസ്വസ്ഥ്യം സഹ പൈലറ്റിനെ അറിയിച്ചെങ്കിലും അക്കോസ്റ്റ് വിമാനം നിയന്ത്രിക്കുന്നതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗുരുതരമായ ആരോഗ്യസ്ഥിതി കാര്യമാക്കാതെ അദ്ദേഹം സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ നിന്നും വീണ്ടും മറ്റൊരു വിമാനം പറത്താന്‍ ചുമതലയുണ്ടായിരുന്ന അക്കോസ്റ്റ് ഉടന്‍ മെഡിക്കല്‍ സെന്ററിലേക്ക് പോകുകയായിരുന്നു. ഹൃദായാഘാതം സംഭവിച്ചതായി ഇവിടുത്തെ ഡോക്ടര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തിനു പുറമെ ഒരു ഭാഗത്തെ രക്തക്കുഴല്‍ പൂര്‍ണമായും അടയുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ മരണത്തിന്റെ വക്കില്‍വരെ എത്തിയ അക്കോസ്റ്റയെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികതര്‍ അറിയിച്ചു. മൂന്നു ദിവസത്തിനകം ആശുത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.