Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ ചര്‍ച്ചുകള്‍ കത്തിച്ചു, വീടും ജോലിയും ഉപേക്ഷിച്ച് ആയിരങ്ങള്‍ പലായനം ചെയ്യുന്നു

ന്യൂദല്‍ഹി- മണിപ്പൂരിലെ ക്രിസ്ത്യന്‍ വേട്ടയാടലില്‍ വ്യാപക പ്രതിഷേധമുയരുന്നു. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ ഉള്ളതിനേക്കാള്‍ ഏറെ ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നിരവധി ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും തകര്‍ക്കുകയും തീവെക്കുകയും ചെയ്തു. അക്രമികള്‍ നിരവധി വാഹനങ്ങള്‍ക്കു തീയിടുകയും പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കലാപത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ ഇതിന്റെ ഇരട്ടിയിലേറെയാണെന്ന് പ്രദേശത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. 16 പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 15 പേരുടെ മൃതദേഹങ്ങള്‍ ഈസ്റ്റ് ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണുള്ളത്.
മണിപ്പുരിലെ ജനസംഖ്യയില്‍ 53 ശതമാനം മെയ്‌തെയ് വിഭാഗമാണ്. കുകി, നാഗ അടക്കമുള്ള 34 ഗോത്രവിഭാഗങ്ങള്‍ ന്യൂനപക്ഷമാണ്, 40 ശതമാനം. മെയ്‌തെയ് വിഭാഗത്തിലേറെയും ഹിന്ദു വിശ്വാസവും ഗോത്ര വിഭാഗങ്ങള്‍ ക്രിസ്ത്യന്‍ വിശ്വാസവും പിന്തുടരുന്നവരാണ്. ഗോത്രവിഭാഗക്കാരായ ക്രിസ്ത്യാനികള്‍ക്കെതിരെയാണ് സംഘടിതമായ ആക്രമണം. പ്രധാന ഗോത്രവിഭാഗമായ കുക്കികള്‍ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. പോലീസ് പൂര്‍ണമായും നിസ്സംഗരാണ്.
മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങളില്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടത്താന്‍ എല്ലാ ബിഷപുമാരും നിര്‍ദേശം നല്‍കണമെന്നും സി.ബി.സി.ഐ പ്രസിഡന്റ്് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു. നിരവധി ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീയിട്ടു. ജനങ്ങള്‍ സ്വന്തം വീടുവിട്ടു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. സംസ്ഥാന പോലീസ് അക്രമങ്ങളോട് നിസംഗതയോടെയാണ് പ്രതികരിച്ചത്. മണിപ്പൂരില്‍ പലിടങ്ങളിലും പൂര്‍ണമായും ശാന്തമായിട്ടില്ല. കേന്ദ്ര, സംസ്ഥാന പോലീസ് മിക്കവാറും സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകള്‍ക്ക് സഹായത്തിനായി ഹെല്‍പ് ലൈനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജാതി, മത ഭേദങ്ങള്‍ക്ക് അതീതമായി മണിപ്പൂരിലെ എല്ലാ ജനങ്ങളുടെയും കാര്യത്തില്‍ കത്തോലിക്ക സഭയ്ക്ക് ആശങ്കയുണ്ടെന്നും സി.ബി.സി.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മണിപ്പൂരിലെ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു എന്ന് ബറേലി ബിഷപ് ഡോ. ഇഗ്നേഷ്യസ് ഡിസൂസ പറഞ്ഞു. കാട്ടുതീ പോലെ പടര്‍ന്ന വര്‍ഗീയ സംഘര്‍ഷം സ്ഥലത്തെ ക്രമസമാധാന പാലനത്തിന്റെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ ദല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേര്‍ക്ക് വരെ അക്രമം ഉണ്ടായി. മനുഷ്യരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന പ്രവൃത്തിയെ ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.    
ക്രൈസ്തവ സമൂഹം 41 ശതമാനത്തോളമുള്ള മണിപ്പൂരിലെ അക്രമ സംഭവങ്ങള്‍ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മക്കാഡോ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും പ്രാര്‍ഥനകളോയും കരുതലോടെയും ഇരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി വിവിധ സമുദായങ്ങളും സമൂഹങ്ങളും സമാധാന സഹവര്‍ത്തിത്വമുള്ള മണിപ്പൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരുകളും സമൂഹവും തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.  മണിപ്പൂരിലെ സമാധാനത്തിനും ഐക്യത്തിനും ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തുന്നതിനുമായി രാജ്യത്തുടനീളം ക്രൈസ്തവ അല്‍മായ പ്രസ്ഥാനങ്ങളും വിശ്വാസിസമൂഹവും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്ന് ലെയ്റ്റി കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

 

 

 

Latest News