ഹൈദരാബാദ്- മുതിർന്ന കുട്ടികൾ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ആറുവയസുകാരന്റെ വീഡിയോ. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് ആറു വയസുകാരന്‍റെ വീഡിയോയും പുറത്തുവന്നു. വേനലവധി കാലത്ത് ബന്ധുക്കള്‍ കൂടിയായ മുതിര്‍ന്ന കുട്ടികള്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് വീഡിയോ റെക്കോർഡ് ചെയ്തത്. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിലിൽ സ്‌കൂൾ പൂട്ടിയതിന് ശേഷമാണ് വിദ്യാർഥിക്ക് നേരെ പീഡനം തുടങ്ങിയത്. ഇവരുടെ ഫ്ളാറ്റിന്‍റെ മുകൾ നിലയിൽ താമസിച്ചിരുന്ന ബന്ധുക്കളായ മുതിർന്ന കുട്ടികൾ തന്നെയാണ് ആറുവയസുകാരനെ പീഡിപ്പിച്ചത്. സ്‌കൂൾ വെക്കേഷൻ സമയത്ത് ഇവരുടെ അടുത്തായിരുന്നു കുട്ടി സമയം ചെലവിട്ടിരുന്നത്. അച്ഛൻ രാവിലെ എട്ടിന് ഓഫീസിലേക്ക് പോയാൽ രാത്രിയാണ് മടങ്ങിവരാറുള്ളത്. ചെറിയ മറ്റൊരു കുട്ടിയുള്ളതിനാൽ അമ്മ അവനോടൊപ്പമായിരുന്നു ഏത് സമയത്തും. ആറു വയസുള്ള മകന് പുതിയ ചങ്ങാതിമാരെ കിട്ടിയതിൽ അമ്മയും ഏറെ സന്തോഷത്തിലായിരുന്നു.
എന്നാൽ അധികം വൈകാതെ മകന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നുതുടങ്ങി. എല്ലാവരോടും ദേഷ്യം പിടിക്കുകയും പാത്രങ്ങളൊക്കെ എടുത്തെറിയുകയും ചെയ്യുന്നത് പതിവായി. അച്ഛൻ രാവിലെ ജോലിക്ക് പോകുമ്പോൾ വാഹനത്തിന് അടുത്ത് വന്ന് ബൈ പറയുന്ന സ്വഭാവവും മാറി. മകന്റെ സ്വഭാവം അക്ഷരാർത്ഥത്തിൽ മാറിയതോടെ അച്ഛൻ മകനോട് കാര്യങ്ങൾ ചോദിച്ചു. ആദ്യമൊന്നും അവനൊന്നും പറയാൻ തയ്യാറായില്ല. പിന്നീട് വീണ്ടും വീണ്ടും സ്‌നേഹത്തോടെ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ തെളിച്ചുപറഞ്ഞത്. മകൻ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകി. പിന്നീട് മകനെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. താൻ എങ്ങിനെയാണ് പീഡിപ്പിക്കപ്പെട്ടത് എന്ന് വിവരിക്കുന്ന മകന്റെ വീഡിയോയും അച്ഛൻ റെക്കോർഡ് ചെയ്തിരുന്നു. പീഡിപ്പിച്ച രണ്ടു കുട്ടികളെയും ജുവൈനൽ കോടതി റിമാന്റ് ചെയ്തു.