മഹാരാഷ്ട്രയില്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് നിരോധനം പിന്‍വലിക്കാന്‍ സാധ്യത. തീരുമാനം പുന്:പരിശോധിക്കാന്‍ കടുത്ത സമ്മര്‍ദം നേരിടുകയാണ് അധികൃതര്‍. ആദ്യ മൂന്ന് ദിവസവും മൂന്ന് ലക്ഷം രൂപ വീതമാണ് പിഴ ഇനത്തില്‍ മുംബൈ നഗരസഭ ഈടാക്കിയത്. നിരവധി പേരുടെ തൊഴിലിനെയും കമ്പനികളുടെ വരുമാനത്തെയും നിരോധനം പ്രതികൂലമായി ബാധിച്ചു. ബാഗുകളും കപ്പുകളുമുള്‍പ്പടെ എല്ലാവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തെയും സംഭരണത്തെയും വിതരണത്തെയും നിരോധനം ബാധിച്ചു. ഇതുമൂലം പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് നഷ്ടം 15,000 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം തൊഴിലാളികളുടെ ജീവിതത്തെയാണ് നിരോധനം മോശമായി ബാധിച്ചിരിക്കുന്നതെന്ന് പ്ലാസ്റ്റിക് ബാഗ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി നീമിത് പുനാമിയ പറഞ്ഞു.
അസോസിയേഷന്‍ അംഗങ്ങളില്‍ 2,500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിരവധി പ്ലാസ്റ്റിക് ഉല്‍പ്പന്ന ഫാക്ടറികളാണ് അടച്ചുപൂട്ടേണ്ടി വന്നത്. ഒറ്റയടിക്ക് നിയമം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് കച്ചവടക്കാരും ഹോട്ടലുകാരും പറയുന്നത്. വീടുകളിലും പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കൈകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ടുനടക്കുന്നവരും ഉണ്ട്.