Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ സർക്കാർ പുറത്തുവിട്ടത് കള്ളക്കണക്ക്, മരണം ഒട്ടേറെ

ന്യൂദൽഹി- മണിപ്പൂരിലെ സംഘർഷത്തിൽ സർക്കാർ പുറത്തു വിട്ട കണക്കുകളിൽ ഉള്ളതിനേക്കാൾ ഏറെ ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തെന്ന് റിപ്പോർട്ട്. ഒരാഴ്ച മുൻപ് ആരംഭിച്ച അക്രമത്തിൽ നിരവധി ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും തകർക്കുകയും തീവെക്കുകയും ചെയ്തു. അക്രമികൾ നിരവധി വാഹനങ്ങൾക്കു തീയിടുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഔദ്യോഗികമായി പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ ഇതിന്റെ ഇരട്ടിയിലേറെയാണെന്നാണ് പ്രദേശത്ത് നിന്നുള്ള മാധ്യമപ്രവർത്തകർ പറഞ്ഞത്. അക്രമത്തിൽ കൊല്ലപ്പെട്ട 16 പേരുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 15 പേരുടെ മൃതദേഹങ്ങൾ ഈസ്റ്റ് ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണുള്ളത്. 
അതിനിടെ ചുരാചന്ദ്പൂരിൽ മെയ്‌തെയ് വിഭാഗത്തിൽ പെട്ടവരെ ഒഴിപ്പിക്കുന്നതിനിടെ സൈന്യത്തിന് നേരെ ആക്രമണമുണ്ടായി. സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മെയ്തിയ് വിഭാഗവും കുകി, നാഗ വിഭാഗവും തമ്മിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലുണ്ടായത്. 
മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എൻ. ബൈരൻ സിംഗ് സർവകക്ഷിയോഗം വിളിച്ചു ചേർത്തു. മണിപ്പൂരിൽ സംഭവിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അക്രമം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. വെള്ളിയാഴ്ച മണിപ്പൂരിലെ സാഹചര്യം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രി ബൈരൻ സിംഗുമായി സംസാരിച്ചിരുന്നു.
    കലാപം രൂക്ഷമായ ലംഗോളിൽ വഴിയിലുടനീളം കത്തിച്ചതും തകർത്തതുമായ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഇതിനോടം കലാപ ബാധിത പ്രദേശത്തു നന്ന് 13,000ലധികം ആളുകളെ ഒഴിപ്പിച്ചെന്നാണ് പ്രതിരോധ വക്താവ് അറിയിച്ചത്. ഇവരെ ആർമി ക്യാമ്പുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ചുരാംചന്ദ്പൂർ, മോരേഹ്, കാക്ചിംഗ്, കാംഗ്‌പോക്പി ജില്ലകൾ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇംഫാൽ നഗരത്തിന്റെ പലയിടങ്ങളിലും പരക്കെ കത്തിച്ച വാഹനങ്ങളും തർക്കപ്പെട്ട കെട്ടിടങ്ങളുമാണ്. ഇന്നലെ വൈകുന്നേരവും പല സ്ഥലങ്ങളിലും തീയണഞ്ഞിരുന്നില്ല. നഗരത്തിലെ പല വ്യവസായ കേന്ദ്രങ്ങളും കടകളും അക്രമികൾ തകർത്തു. 
ഇംഫാൽ താഴ്‌വരിയിൽ ജനജീവിതം സാധാരണ നിലയിലായി എന്ന് അധികൃതർ പറയുമ്പോൾ ഭയന്നോടിയവരിൽ ചെറിയൊരു ശതമാനം പോലും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ഇന്നലെ ചില സ്ഥലങ്ങളിൽ കടകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചിരുന്നു. റോഡുകളിൽ നേരിയ തോതിൽ വാഹന ഗതാഗതവും ഉണ്ടായി. 
    വെള്ളിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ മലമുകളിൽ നിന്നുള്ള രണ്ട് ആക്രമികൾ കൊല്ലപ്പെടുകയും ഇന്ത്യ റിസർവ് ബറ്റാലിയനിലെ രണ്ടു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂർ സ്റ്റേഷനിൽ പോലീസുമായുണ്ടായ ഏറ്റമുട്ടലിൽ രണ്ട് അക്രമികൾ വെടിയേറ്റു മരിച്ചു. തോർബംഗ് ജില്ലയിൽ അക്രമികൾ സുരക്ഷാ സൈനികരുടെ നേർക്ക് വെടിയുതിർത്തു. സൈന്യം തിരിച്ചു നടത്തിയ വെടിവെപ്പിൽ ഒരു അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു. 
    മണിപ്പൂരിൽ ദിവസങ്ങളായി തുടരുന്ന സംഘർഷങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തിയിരുന്നു. സംഘർഷ സാധ്യത മുൻകൂട്ടി കണ്ട് തടയുന്നതിൽ വീഴ്ചയുണ്ടായയെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗോത്രമേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ പ്രതിഷേധിച്ചാണ് സർക്കാരിനെതിരെ ജനങ്ങൾ രംഗത്തിറങ്ങിയത്. കൂടിയാലോചനയ്ക്കുശേഷം തയ്യാറാക്കിയ ബിൽ അവതരിപ്പിക്കാതെ പുതിയ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ച സർക്കാർ നടപടിക്കെതിരായ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. 

Latest News