റിയാദ് - ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഹിലാലിന് പരാജയം. നാൽപത്തിയെട്ടാമത്തെ മിനിറ്റിൽ പിറന്ന സെൽഫ് ഗോളിലാണ് സൗദി വമ്പൻമാരായ ഹിലാലിന് അടിപതറിയത്. ജപ്പാന്‍ ടീമായ ഉറാവ റെഡ്സ് കിരീടം ചൂടി. ആന്‍ഡ്രേ കരില്ലോയിലൂടെയാണ് സെൽഫ് ഗോൾ പിറന്നത്. ഇന്ന് വിജയം മാത്രമേ ഹിലാലിന് ട്രോഫി സമ്മാനിക്കുമായിരുന്നുള്ളൂ. റിയാദിൽ നടന്ന ആദ്യപാദ മത്സരം 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ഉറാവ റെഡ്‌സിന് സ്വന്തം തട്ടകത്തിൽ ഗോൾരഹിത സമനില മതിയായിരുന്നു. എന്നാൽ സെൽഫ് ഗോളിലൂടെ ഹിലാലിന്റെ മുഴുവൻ പ്രതീക്ഷകളും ഇല്ലാതായി. റിയാദിൽ നിരവധി അവസരങ്ങളാണ് ഹിലാൽ പാഴാക്കിയത്.
ആദ്യ പകുതി അടക്കിവാഴുകയും സാലിം അൽദോസരിയിലൂടെ ലീഡ് നേടുകയും ചെയ്തിരുന്നു അൽഹിലാൽ. എന്നാൽ ഷിൻസൊ കോരോകിയുടെ ഭാഗ്യ ഗോളിൽ ഉറാവ സമനില പിടിച്ചു. ഒരു ദശാബ്ദത്തിനിടെ മൂന്നാം തവണയാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഹിലാൽ തോൽക്കുന്നത്. 2014ൽ വെസ്‌റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിനെതിരെയും 2017-ൽ ഉറാവയോടും തോറ്റിരുന്നു.