ഇംഫാല്‍ - മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 54 പേര്‍ മരിച്ചെന്നാണ് സര്‍ക്കാറിന്റെ കണക്ക്. സംഘര്‍ഷത്തില്‍ 100ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. .വ്യാപക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും 13,000 പേരെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചുരാചന്ദ്പൂര്‍, മോറെഹ്, കാക്ചിങ്, കാങ്പോക്ചി ജില്ലകളിലാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ തുറന്നത്. ഇംഫാല്‍ ഈസ്റ്റില്‍ മാത്രം 23 പേരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേര്‍ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം മണിപ്പൂരിലെ സംഘര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരായ അക്രമം ഞെട്ടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ രംഗത്തെത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്നും സി.ബി.സി.ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കലാപത്തില്‍ മൂന്ന് പള്ളികള്‍ അഗ്നിക്കിരയാക്കിയെന്ന് അദേഹം പത്രക്കുറിപ്പില്‍ ആരോപിച്ചു. സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഏറെ വൈകിയാണ് കലാപം തടയുന്നതില്‍ മണിപ്പൂര്‍ പൊലീസ് ഇടപെട്ടത്. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു.