ഹൈദരാബാദ് - ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യാനുള്ള സാഹത്തിനിടെ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. വേഗത്തിലോടുന്ന ട്രെയിൻ പശ്ചാത്തലത്തിൽ ലഭിക്കാനായി പാളത്തോട് ചേർന്ന് നിന്നായിരുന്നു ഷൂട്ടിംഗ്. എന്നാൽ ട്രെയിൻ ഓടുന്നതിനിടെ വിദ്യാർത്ഥിയുടെ ശരീരം ട്രെയിനിൽ തട്ടി ഇടിച്ചു തെറിക്കുകയായിരുന്നു.
ഹൈദരാബാദിലെ സനത് നഗറിലെ റെയിൽവേ ട്രാക്കിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സർഫ്രാസാണ്(16) മരിച്ചത്. സംഭവസ്ഥലത്തു വച്ച് തന്നെ വിദ്യാർത്ഥി മരിച്ചതായി പോലീസ് പറഞ്ഞു. റഹ്മത്ത് നഗർ ഡിവിഷനു കീഴിലുള്ള ശ്രീറാം നഗർ കോളനിയിലെ മദ്രസയിലെ വിദ്യാർത്ഥിയാണ് മരിച്ച സർഫ്രാസ്.
മറ്റ് രണ്ട് കൂട്ടുകാരും ഷൂട്ടിംഗിനായി കൂടെയുണ്ടായിരുന്നു. ഇവർ ട്രാക്കിലല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. ട്രാക്കിലേക്ക് പോയി ഇൻസ്റ്റ റീലുകൾ നിർമിക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.