ഇംഫാൽ - മണിപ്പൂരിൽ കലാപം തുടരേവ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ അഭ്യന്തര മന്ത്രിയുമായ പി ചിദംബരം. മണിപ്പൂരിലെ 'ഇരട്ട എൻജിൻ സർക്കാരിന്റെ' അനന്തരഫലങ്ങൾ നോക്കൂ. രണ്ട് എൻജിനുകളും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ആഭ്യന്തര കലഹങ്ങളാൽ തകർന്നിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഇരട്ട എഞ്ചിൻ' സർക്കാരിന്റെ വ്യാജ വാഗ്ദാനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മണിപ്പൂർ കലാപത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കർണാടകയിലെ വോട്ടർമാർക്കായി മുന്നറിയിപ്പ് നൽകി.
മണിപ്പൂരിലെ മെയ്തികളും ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള ഭിന്നത വർധിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് സമാധാനപരമായി സഹവർത്തിത്വത്തിന്റെ പാതയിലായിരുന്ന സമുദായങ്ങൾ ഇപ്പോൾ യുദ്ധപാതയിലാണെന്നും 'ഇരട്ട എൻജിൻ' സർക്കാരിന്റെ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനാധിപത്യ വിശ്വാസികളെ ഓർമിപ്പിച്ചു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടിയെ പരാമർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബി.ജെ.പി നേതാക്കൾ പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് 'ഡബിൾ എൻജിൻ' സർക്കാർ എന്നത്. ഇതാണിപ്പോൾ മണിപ്പൂരിൽ തിരിച്ചടിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം മോഡിയെയും കർണാടകയിലെ വോട്ടർമാരെയും ഓർമിപ്പിക്കുന്നു. 224 അംഗ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഈമാസം പത്തിനാണ്. അധികാരം നിലനിർത്താൻ ബി.ജെ.പിയും തിരിച്ചുപിടിക്കാൻ കോൺഗ്രസും കടുത്ത മത്സരമാണ് കർണാടകത്തിൽ പുറത്തെടുക്കുന്നത്. സർവേകൾ കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ ഫലം ലഭിക്കാൻ മെയ് 13 വരെ കാത്തിരിക്കണം.