ന്യൂദല്‍ഹി- ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പരിശീലനത്തിനിടെ പതിവായി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി രണ്ട് ഗുസ്തി താരങ്ങളുടെ മൊഴി. ഇത് തങ്ങള്‍ക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും മൊഴിയില്‍ പറയുന്നു. ബി.ജെ.പി എം.പിക്കെതിരെയുള്ള പരാതിയില്‍ ഇതുവരെ നാല് പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പോക്‌സോ കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ്ഭൂഷനെ ചോദ്യം ചെയ്യാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. മുഴുവന്‍ പരാതിക്കാരുടെ മൊഴിയും ഈയാഴ്ച രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകും വരെ താരങ്ങള്‍ ക്ഷമിക്കണമെന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടത്. പരാതി നല്‍കിയിട്ട് രണ്ടാഴ്ചയും പരാതിയില്‍ ദല്‍ഹി പൊലീസ് കേസെടുത്തിട്ട് ഒരാഴ്ചയും പിന്നിടുകയാണ്.ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും, ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്. സിംഗിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചിട്ടുണ്ട്.