മുംബൈ- 1975-ലെ അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടിയന്തരാവസ്ഥയുടെ വാര്‍ഷികം ബിജെപി രാജ്യത്തുടനീളം കരിദിനമായി ആചരിക്കുകയാണ്. ഭരണഘടന ഒരു കുടുംബത്തിന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്തുവെന്നും രാജ്യത്തെ ഒരു ജയിലാക്കി മാറ്റി പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചുവെന്നും മോഡി പറഞ്ഞു. പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യവെയാണ് മോഡി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്.
കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്ത ആ പാര്‍ട്ടിക്ക് ജനാധിപത്യ മൂല്യങ്ങളെ പിന്തുടരാനാവില്ലെന്നും മോഡി ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പുള്ളിയാണ് അടിയന്തരാവസ്ഥ. ഈ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ മാത്രമല്ല ഇന്ന് കരിദിന ആചരിക്കുന്നത്. ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനുള്ള ബോധവല്‍ക്കരണം കൂടിയാണ്- മോഡി പറഞ്ഞു.
ഭരണഘടനയും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളും അപകടത്തിലാണെന്ന മിഥ്യാ ഭയം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും ആ പാര്‍ട്ടി ഒരിക്കലും മെച്ചപ്പെടില്ലെന്നും മോഡി പറഞ്ഞു. പ്രതിസന്ധിയിലാകുമ്പോഴെല്ലാം രാജ്യം ഭയത്തിലാണെന്ന് കോണ്‍ഗ്രസ് അലമുറയിടാന്‍ തുടങ്ങുകയും തങ്ങള്‍ക്കു മാത്രമെ രക്ഷിക്കാനാകൂവെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്നും അദ്ദേഹം ആരോപിച്ചു.
'അവര്‍ ഒരിക്കലും അഴിമതിക്കേസില്‍ കോടതിയില്‍ കുറ്റം ചുമത്തപ്പെടുമെന്നും ജാമ്യം തേടേണ്ടി വരുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇംപീച്‌മെന്റ് പ്രമേയവുമായി ജുഡീഷ്യറിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നത്. അവരുടെ മനോഭാവം അടിയന്തരാവസ്ഥ കാലത്തെ പോലെ തന്നെയാണ് ഇപ്പോഴുമുള്ളത്,' മോദി പറഞ്ഞു.