തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന അമേരിക്കന്‍, ക്യൂബന്‍ യാത്രയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് രണ്ടരക്കോടിരൂപയിലധികം. ജൂണ്‍ എട്ടുമുതല്‍ 13 വരെ അമേരിക്കയിലും 13 മുതല്‍ 18 വരെ ക്യൂബയിലുമാണു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദര്‍ശനം. ആദ്യസംഘത്തില്‍ 11 പേരും രണ്ടാംസംഘത്തില്‍ എട്ടുപേരുമുണ്ട്.
അമേരിക്കയിലേക്കും അവിടെനിന്ന് ക്യൂബയിലേക്കും ഉയര്ന്നക്ലാസിലുള്ള വിമാനയാത്രാ ടിക്കറ്റുകള്‍, താമസം, ഭക്ഷണം, സുരക്ഷ, മറ്റ് ആഭ്യന്തരയാത്രകള്‍ തുടങ്ങിയവയ്ക്കായാണ് ഇത്രയും തുക. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനിടെയാണ് കോടികള്‍ ചെലവിട്ട് ലോക കേരളസഭ മേഖലാസമ്മേളനത്തിന്റെ പേരിലുള്ള യാത്രയെന്ന് ആരോപണമുണ്ട്.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും കഴിഞ്ഞവര്‍ഷത്തെ ലണ്ടന്യാത്രയ്ക്ക് ഹോട്ടല്‍ താമസം, ഭക്ഷണം, മറ്റു ചെലവുകള്‍ എന്നിവയ്ക്കുമാത്രമായി 43.14 ലക്ഷം രൂപ ചെലവായതായി ഇന്ത്യന്‍ എംബസിയുടെ കണക്ക് ഉദ്ധരിച്ചു വിദേശകാര്യമന്ത്രാലയത്തില്‍നിന്നുള്ള വിവരാവകാശരേഖ പുറത്തുവന്നിരുന്നു. വിദേശയാത്രാ ഇനത്തില്‍ ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. വിമാനടിക്കറ്റ് നിരക്ക് കൂടാതെയുള്ള ചെലവാണ് അന്ന് കണക്കാക്കിയത്.