ഇംഫാല്‍-മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ഐആര്‍എസ് അസോസിയേഷന്‍ അറിയിച്ചു. ഇംഫാലിലെ ടാക്സ് അസിസ്റ്റന്റായിരുന്ന ലെറ്റ്മിന്‍താങ് ഹാക്കിപ് ആണ് മരിച്ചത്.
സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഡ്യൂട്ടിയിലായിരുന്ന പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. ലെറ്റ്മിന്‍താങ് ഹാക്കിപിനെ അദ്ദേഹത്തിന്റെ വസതിയില്‍ കയറി വലിച്ചിഴച്ച് കൊലപ്പെടുത്തിയെന്നാണ് ഐആര്‍എസ് അസോസിയേഷന്റെ പ്രതികരണം.സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വഷളായതോടെ പോലീസ് മേധാവിയെ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഡിജിപി പി.ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിന്‍ഹയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരില്‍ കലാപകലുഷിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടകം പതിമൂവായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗോത്രവിഭാഗമായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.റാലി ബിഷ്ണുപൂരിലെത്തിയപ്പോള്‍ ചിലയാളുകളുമായി ഏറ്റുമുട്ടലുണ്ടായി. ഇത് പരസ്പര ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഈ അക്രമം വ്യാപിച്ചു. സംസ്ഥാനത്ത് കലാപത്തിനിടെ പതിനെട്ട് ചര്‍ച്ചുകള്‍ അക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.