ന്യൂഡൽഹി - വ്യക്തികളുടെ ആധാർ വിവരങ്ങൾ ഒത്തുനോക്കാൻ 22 സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി. ആധാറിലെ ആധികാരിക വിശദാംശങ്ങളുമായി ഒത്തുനോക്കാനാണ് 22 സ്വകാര്യ ധനകാര്യ കമ്പനികൾക്ക് കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്.
ഇതോടെ, തിരിച്ചറിയൽ അതോറിറ്റിയുടെ പക്കലുള്ള ആധാർ ഡേറ്റകൾ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാകും. ബയോമെട്രിക് വിശദാംശങ്ങൾ അടക്കമുള്ള വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ധനകാര്യ സ്ഥാപനങ്ങൾ സൂക്ഷിച്ചുവെക്കരുതെന്ന നിബന്ധനയോടെയാണ് അനുമതി നല്കിയിട്ടുള്ളതെന്നാണ് പറയുന്നത്.
ആമസോൺ പേ ഇന്ത്യ, ഹീറോ ഫിൻകോർപ്, ടാറ്റ മോട്ടോഴ്‌സ് ഫിനാൻസ് സൊല്യൂഷൻസ്, ഐ.ഐ.എഫ്.എൽ ഫിനാൻസ്, മഹീന്ദ്ര റൂറൽ ഹൗസിങ് ഫിനാൻസ്, ഗോദ്‌റെജ് ഫിനാനൻസ്, ആദിത്യ ബിർല ഹൗസിങ് ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് ആധാർ രേഖകൾ ഒത്തുനോക്കാൻ അനുമതി നൽകിയത്. കള്ളപ്പണ നിരോധന നിയമ പ്രകാരം ഇടപാടുകാരുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നവയാണ് ഈ കമ്പനികൾ. സ്വകാര്യതയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങൾ പാലിച്ചാവും സ്വകാര്യ സ്ഥാപനങ്ങൾ ആധാർ വിവരങ്ങൾ ഒത്തുനോക്കുകയെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് ഏത് അളവിൽ എത്രകണ്ട് പാലിക്കപ്പെടും എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
സ്വകാര്യ കമ്പനികൾക്കുള്ള പുതിയ അനുമതി ഭാവിയിൽ എന്തെല്ലാം പ്രശ്‌നങ്ങൾക്കാണ് വഴിവെക്കുക? ഏതെല്ലാം രീതിയിലാണ് ദുരുപയോഗത്തിന് സാധ്യത തുറന്നിടുക? ഇത് തടയാനും ആധാർ രേഖകളുടെ വിശ്വാസ്യത സംരക്ഷിക്കാനും കേന്ദ്രസർക്കാർ സ്വീകരിക്കുന്ന തുടർ നടപടികൾ എന്താണ്? എന്നിത്യാദി കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ആധാർ ദുരുപയോഗം ചെയ്ത് നിരവധി തട്ടിപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ധനകാര്യമന്ത്രാലയത്തിന്റെ പുതിയ ഉത്തരവുണ്ടാക്കുന്ന പുകിലുകൾ രാജ്യത്തെ പൗരന്മാരെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. ആയതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആ ദൗത്യം നിറവേറ്റുന്നതിലുണ്ടാകുന്ന വീഴ്ച അതി ഗുരുതരമായ പ്രത്യാഘാതമാണ് ക്ഷണിച്ചുവരുത്തുക.