മുംബൈ- യുട്യൂബ് വീഡിയോകള്‍ കണ്ട് ലൈക്കടിച്ചാല്‍ വരുമാനം ലഭിക്കുമെന്ന ഓഫര്‍ നല്‍കിയുള്ള സൈബര്‍ തട്ടിപ്പുകാരന്റെ കെണിയില്‍ വീണയാള്‍ക്ക് നഷ്ടമായത് 1.33 കോടി രൂപ. മുംബൈയിലാണ് 47 കാരന് വന്‍തുക നഷ്ടമായത്. പതിനായിരം രൂപ നല്‍കി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വിവിധ കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചാണ് വന്‍ തുക തട്ടിയത്.
മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന 47 കാരന്‍ 2023 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 25 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തട്ടിപ്പിന്റെ തുടക്കം. വിവിധ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കുമെന്നും അതിലൂടെ വരുമാനം നേടാമെന്നുമാണ് വിശ്വസിപ്പിച്ചത്. പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച ഇയാള്‍ ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതിനു പിന്നാലെ പ്രതിദിനം 5,000 മുതല്‍ 7,000 രൂപ വരെ സമ്പാദിക്കുന്ന പാര്‍ട്ട് ടൈം ജോലിയില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് പരാതിക്കാരന് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. ചാറ്റിനിടെ സന്ദേശം അയച്ചയാള്‍ താന്‍ യൂട്യൂബ് വീഡിയോകള്‍ അയയ്ക്കുമെന്ന് അറയിച്ചു. താന്‍ അയക്കുന്ന വീഡിയോകള്‍ കാണാനും ലൈക്ക് ചെയ്യാനും സ്‌ക്രീന്‍ഷോട്ട് എടുത്ത് അതേ വാട്ട്‌സ്ആപ്പ് നമ്പറില്‍ അയക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്. രജിസ്‌ട്രേഷനും മറ്റ് ഫീസുമായി 5,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു യൂട്യൂബ് വീഡിയോയുടെ ലിങ്ക് ലഭിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തു. 10,000 രൂപയും ലഭിച്ചു.
ഇതിനുശേഷമാണ് നിക്ഷേപത്തിലൂടെ വന്‍ തുക നേടാമെന്ന് വിശ്വസിപ്പിച്ചതും 25 അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചതും. വ്യാജ കമ്പനികളുടെ പേരിലാണ് ഈ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)