ചെറുവത്തൂർ- കഞ്ചാവ് പരിശോധനക്ക് എത്തിയ പോലീസ് സംഘത്തെ കണ്ട് ലോഡ്ജ് മുറിയിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ അസം സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുവത്തൂർ ദേശീയപാതക്ക് സമീപത്തുള്ള ലോഡ്ജിലെ മൂന്നാം നിലയിൽ നിന്ന് പുറത്തേക്ക് ചാടിയ അസം സ്വദേശി റീന ബഹ്‌റ ( 21 ) യെ സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സന്ധ്യക്കാണ് സംഭവം. മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഘം ലോഡ്ജിൽ മുറിയെടുത്തു തങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചന്തേര പോലീസ് ഇന്നലെ ലോഡ്ജിൽ എത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് യുവതി പിൻഭാഗത്ത് കൂടി പുറത്തേക്ക് ചാടിയത്. പരിക്കേറ്റ യുവതിയെ പോലീസ് വാഹനത്തിൽ തന്നെ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. യുവതി ചെറുവത്തൂരിൽ എത്താനിടയായ സാഹചര്യം അന്വേഷിക്കുകയാണ് പോലീസ്.