Sorry, you need to enable JavaScript to visit this website.

ഒരാഴ്ചയ്ക്കിടെ സെര്‍ബിയയില്‍ രണ്ടാമതും വെടിവെയ്പ്; മണിക്കൂറുകള്‍ക്കകം പ്രതി അറസ്റ്റില്‍

ബെല്‍ഗ്രേഡ്- സെര്‍ബിയയില്‍ ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ കൂട്ട വെടിവയ്പിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ എട്ട് പേരാണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റു.  

ബെല്‍ഗ്രേഡിന് തെക്ക് 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിന് സമീപം അര്‍ധരാത്രിക്കു ശേഷമാണ് ആക്രമണമുണ്ടായത്. ഓടുന്ന കാറില്‍ നിന്നാണ് പ്രതി വെടിയുതിര്‍്തത്. വെടിവെയ്പിനു പിന്നാലെ പോലീസ് തെരച്ചില്‍ ശക്തമാക്കിയതോടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരാള്‍ അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുബി എന്ന ഇനീഷ്യലില്‍ മാത്രം തിരിച്ചറിഞ്ഞ പ്രതിയെ ക്രാഗുജെവാക്ക് നഗരത്തിന് സമീപം കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബെല്‍ഗ്രേഡ് സ്‌കൂളില്‍ ബുധനാഴ്ച ഒരു ആണ്‍കുട്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു ദിവസത്തിനകം സെര്‍ബിയയിലെ ഏറ്റവും വലിയ വെടിവയ്പുണ്ടായത്.

വെള്ളിയാഴ്ച രാവിലെ തോക്ക് നിയന്ത്രണം ശക്തമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സുരക്ഷാ നടപടികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക് രാജ്യത്തിന്റെ 'പ്രായോഗിക നിരായുധീകരണം' വ്യക്തമാക്കി. 
പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അറുന്നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരാണ് രംഗത്തുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തച്ഛന്റെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. 

വെടിവയ്പ്പ് നടന്ന മ്ലാഡെനോവാക്, ഡുബോണ ഗ്രാമങ്ങളില്‍ പ്രത്യേക പൊലീസ് സേന എത്തിയതായി വെള്ളിയാഴ്ച പുലര്‍ച്ചെ സെര്‍ബിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു.
തോക്കുധാരിയെ കണ്ടെത്താനായി റോഡില്‍ പൊലീസ് വാഹനങ്ങളുണ്ടായതിന് പുറമേ ഒരു ഹെലികോപ്റ്റര്‍, ഡ്രോണുകള്‍ തുടങ്ങിയവയും ഉപയോഗിച്ചു. 

വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് പ്രതി നവ നാസി ചിഹ്നങ്ങളുള്ള ടി-ഷര്‍ട്ട് ധരിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വെടിവെപ്പിനെ 'നമുക്കെല്ലാവര്‍ക്കും നേരെയുള്ള ആക്രമണം' എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് വുസിക് 1,200 പുതിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള പദ്ധതി ഉള്‍പ്പെടെ നിരവധി പുതിയ സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചു.
പുതിയ തോക്ക് പെര്‍മിറ്റുകള്‍ നിരോധിക്കുമെന്നും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനുള്ള കടുത്ത ശിക്ഷകളും തോക്കുടമകളുടെ മനഃശാസ്ത്ര പരിശോധനകളും അദ്ദേഹം പ്രഖ്യാപിച്ചു. 

ബുധനാഴ്ചയാണ് പതിമൂന്നുകാരന്‍ ബെല്‍ഗ്രേഡിലെ സ്‌കൂളില്‍ എട്ട് സഹപാഠികളെയും ഒരു സുരക്ഷാ ജീവനക്കാരനെയും വെടിവച്ചു കൊലപ്പെടുത്തിയത്. തോക്ക് കൈവശം വയ്ക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഇത് സെര്‍ബിയന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
ബുധനാഴ്ച നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കും സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കുന്ന കൗണ്‍സിലിംഗിനും പണം അനുവദിക്കുമെന്ന് എന്‍. ബി. എ ബാസ്‌ക്കറ്റ്ബോള്‍ താരം ലൂക്കാ ഡോന്‍സിക് പറഞ്ഞു.

വളരെ കര്‍ശനമായ തോക്ക് നിയമങ്ങളുള്ള സെര്‍ബിയയില്‍ കൂട്ട വെടിവയ്പ്പുകള്‍ വളരെ വിരളമാണ്. എന്നാല്‍ രാജ്യത്ത് തോക്ക് ഉടമസ്ഥതയുള്ളവരുടെ എണ്ണം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്നതാണ്. 2019-ല്‍ സെര്‍ബിയയില്‍ 100 ആളുകള്‍ക്ക് 39.1 തോക്കുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയത്. യു എസിനും മോണ്ടിനെഗ്രോയ്ക്കും പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന തോക്ക് നിരക്കാണിത്.

Latest News