കൊണ്ടോട്ടി-സൗദിയിൽനിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 1.21 കോടിയുടെ 2.10 കിലോ സ്വർണവുമായി രണ്ടു യാത്രക്കാർ കരിപ്പൂർ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ ദമാമിൽനിന്നെത്തിയ കോഴിക്കോട് മുക്കം കുന്നത്ത് ഷംസുദ്ദീനിൽ (35) നിന്ന് 1070 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെത്തിയത്. നാലു ക്യാപ്സൂളുകളായി ഒളിപ്പിച്ച നിലയിലായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം നെടുവ കോളകുന്നത്ത് അബ്ദുൽ അസീസിൽ(30) നിന്നും 1213 ഗ്രാം സ്വർണ മിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും കണ്ടെത്തി. കള്ളക്കടത്തുസംഘം അബ്ദുൽ അസീസിന് 80000 രൂപയും ഷംസുദ്ദീന് 40000 രൂപയുമാണ് ടിക്കറ്റിനു പുറമെ വാഗ്ദാനം ചെയ്തിരുന്നത്.