ന്യൂദല്‍ഹി- ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന് അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ പാക്കിസ്ഥാന്‍ ചാരവനിത ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് റിപ്പോര്‍ട്ട്. പൂനെയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് ചാരവൃത്തി ആരോപിച്ച് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്റെ ചാര സംഘടനയായ പാക്കിസ്ഥാന്‍ ഇന്റലിജിന്‍സ് ഓപ്പറേറ്റീവിലെ ഒരു സ്ത്രീ ഇദ്ദേഹവുമായി മൂന്ന് വര്‍ഷത്തോളമായി ബന്ധം സ്ഥാപിക്കുകയും അയാളില്‍ നിന്ന് രഹസ്യ രേഖകള്‍ ചോര്‍ത്തുകയുമായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉത്തരവാദിത്തപ്പെട്ട പദവി വഹിച്ചിട്ടും ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയും അതുവഴി തന്ത്രപ്രധാനമായ സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശത്രുരാജ്യത്തിന്റെ കൈകളില്‍ അകപ്പെട്ടാല്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് വന്‍ഭീഷണിയായേക്കാവുന്ന രഹസ്യങ്ങളാണ് ശാസ്ത്രജ്ഞന്‍ ചോര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുനെയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥനാണ് കൂടുതല്‍ അന്വേഷണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഔദ്യോഗിക രഹസ്യ നിയമത്തിലെ ചാരപ്രവര്‍ത്തനം, വിവരങ്ങളുടെ തെറ്റായ ആശയവിനിമയം, എന്നിവ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹം കുറ്റാരോപിതനായിരിക്കുന്നത്. പ്രത്യേക ജഡ്ജി എസ് ആര്‍ നവന്ദറിന്റെ കോടതി ഇയാളെ മെയ് 9 വരെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു.
ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് ഇന്നലെ വൈകീട്ട് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്സ്ആപ്പ് കോള്‍, വിഡിയോ കോള്‍ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന നിര്‍ണായ വിവരങ്ങള്‍ കൈമാറി എന്നാണ് കണ്ടെത്തല്‍.