തൃശ്ശൂര്‍-അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
യുവതിയുടെ കാല്‍പ്പത്തികള്‍ മാത്രമാണ് വനത്തില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാലടി പോലീസാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്.
ഏപ്രില്‍ 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു. ഇതോടെ ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് അഖില്‍ എന്ന സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. അങ്കമാലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരാണ് ഇരുവരും.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഖിലുമൊത്ത് ആതിര കാറില്‍ കയറിപ്പോകുന്നത് ചിലര്‍ കണ്ടതായി വിവരം ലഭിച്ചു. അഖിലിനെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നുവെന്ന് അഖില്‍ മൊഴി നല്‍കി.
ആതിരയില്‍നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് പെണ്‍കുട്ടിയെ തുമ്പൂര്‍മുഴിയിലെത്തിച്ച് ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളായി തുമ്പൂര്‍മുഴി വനത്തില്‍ ഉപേക്ഷിച്ചെന്നാണ് സൂചന.