മക്ക- വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നശേഷം രാജ്യത്ത് ഗതാഗത നിയമലംഘനത്തിന് ഒരു വനിതക്ക് ആദ്യമായി പിഴ ചുമത്തിയത് മക്കയിൽ.
ഡ്രൈവിംഗ് ലൈസൻസില്ലാതെ കാറുമായി റോഡിൽ ഇറങ്ങിയ യുവതിക്കാണ് മക്കയിൽ ട്രാഫിക് പോലീസ് പിഴ ചുമത്തിയത്.
വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നിലവിൽവന്ന ആദ്യദിനം സ്ത്രീകൾ ഉൾപ്പെട്ട വാഹനാപകടങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തില്ല. വനിതാ ഡ്രൈവർമാരെ മറ്റുള്ളവർ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട പരാതികളുമുണ്ടായില്ല.
അതേസമയം, തിരിച്ചറിയലിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ ട്രാഫിക് പോലീസുകാർക്ക് മുന്നിൽ മുഖാവരണം മാറ്റേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. കാറോടിക്കുന്ന വനിതകളെ മുഖം കാണാതെ തന്നെ വിരലടയാള പരിശോധനയിലൂടെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് ട്രാഫിക് പോലീസുകാരെ സഹായിക്കുന്ന ഉപകരണങ്ങൾ ഫീൽഡ് സേവനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.