- രത്നഗിരി റിഫൈനറി: സൗദി അറാംകോയും അഡ്നോകും കരാർ ഒപ്പുവെച്ചു
റിയാദ് - ഇന്ത്യൻ ഊർജ മേഖലയിൽ എല്ലാ രംഗത്തും ശക്തമായ സാന്നിധ്യം സ്ഥാപിക്കുന്നതിന് സൗദി അറാംകൊ ആഗ്രഹിക്കുന്നതായി കമ്പനി സി.ഇ.ഒ അമീൻ അൽനാസിർ പറഞ്ഞു. എണ്ണ സംസ്കരണ, പെട്രോകെമിക്കൽ മേഖലകൾക്കു പുറമെ, ഇന്ത്യയിൽ ഇന്ധന വിപണന മേഖലയിൽ പ്രവേശിക്കുന്നതിനാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇന്ത്യൻ പെട്രോളിയം കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ച് ഇന്ധന ചില്ലറ വ്യാപാര മേഖലയിൽ പ്രവേശിക്കുന്നതിന് എല്ലാ അവസരങ്ങളും സാധ്യതകളും സൗദി അറാംകൊ പരിശോധിക്കുമെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞു.
സൗദി അറേബ്യക്ക് പ്രതിദിനം ഇരുപതു ലക്ഷം ബാരൽ അധിക ഉൽപാദന ശേഷിയുണ്ട്. സൗദി അറേബ്യയുടെ പ്രതിദിന എണ്ണ ഉൽപാദന ശേഷി 1.2 കോടി ബാരലാണ്. നിലവിൽ ദിവസേന ഒരു കോടി ബാരൽ എണ്ണയാണ് രാജ്യം ഉൽപാദിപ്പിക്കുന്നത്. ഏതെങ്കിലും രാജ്യങ്ങളിൽനിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെടുന്നതു മൂലം ആഗോള വിപണിയിൽ എണ്ണക്കുള്ള അധിക ആവശ്യം നേരിടുന്നതിന് സൗദി അറേബ്യയുടെ അധിക ഉൽപാദന ശേഷിയിലൂടെ സാധിക്കും. സിനോപെക് കമ്പനിയുമായി സഹകരിച്ച് ചൈനയുമായി പങ്കാളിത്തം ശക്തമാക്കുന്നതിനാണ് സൗദി അറാംകൊ ആഗ്രഹിക്കുന്നത്. ചൈനീസ് വിപണിയിലേക്ക് സൗദി അറാംകൊ പ്രതിദിനം പത്തു ലക്ഷം ബാരലിലേറെ എണ്ണ കയറ്റി അയക്കുന്നുണ്ട്. നിലവിൽ ആഗോള വിപണിയിൽ എണ്ണ വിപണിയുടെ സ്ഥിതി ശക്തമാണ്. അടുത്ത വർഷവും എണ്ണക്കുള്ള ആവശ്യം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമീൻ അൽനാസിർ പറഞ്ഞു.
പശ്ചിമ ഇന്ത്യയിൽ രത്നഗിരി റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്സിൽ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) ഓഹരി പങ്കാളിത്തം അനുവദിക്കുന്നതിന് സൗദി അറാംകോയും അഡ്നോകും ഇന്നലെ കരാർ ഒപ്പുവെച്ചു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് മഹാരാഷ്ട്രയിൽ നടപ്പാക്കുന്ന പദ്ധതിയുടെ 25 ശതമാനം ഓഹരികളാണ് സൗദി അറാംകൊ അബുദാബിയിലെ പൊതുമേഖലാ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് വിൽക്കുന്നത്. രത്നഗിരി റിഫൈനറി, പെട്രോകെമിക്കൽസ് കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഏപ്രിലിൽ ഇന്ത്യൻ ഗവൺമെന്റുമായി സൗദി അറാംകൊ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. പദ്ധതിക്ക് 4400 കോടി ഡോളർ ചെലവാണ് കണക്കാക്കുന്നത്. പ്രതിവർഷം ആറു കോടി ടൺ എണ്ണ സംസ്കരണ ശേഷിയുള്ള റിഫൈനറിയും 1.8 കോടി ടൺ പെട്രോകെമിക്കൽ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് ശേഷിയുള്ള ഫാക്ടറിയും അടങ്ങിയ കോംപ്ലക്സ് ആണ് സ്ഥാപിക്കുന്നത്. രത്നഗിരി റിഫൈനറിക്ക് പ്രതിദിനം 12 ലക്ഷം ബാരൽ എണ്ണ സംസ്കരിക്കുന്നതിന് ശേഷിയുണ്ടാകും. രത്നഗിരി റിഫൈനറി, പെട്രോകെമിക്കൽസ് കോംപ്ലക്സ് പദ്ധതി ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി വർധിപ്പിക്കുന്നതിന് സൗദി അറേബ്യയെ സഹായിക്കും. പുതിയ റിഫൈനറിക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 50 ശതമാനം സൗദി അറേബ്യ നൽകും. ദീർഘകാലാടിസ്ഥാനത്തിൽ സൗദി ക്രൂഡ് ഓയിലിനുള്ള ആവശ്യം ഉറപ്പു വരുത്തുന്നതിനും വിപണികൾ പിടിച്ചടക്കുന്നതിനും ശ്രമിച്ച് മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ റിഫൈനറി പദ്ധതികളിൽ സൗദി അറേബ്യ വൻതോതിൽ നിക്ഷേപങ്ങൾ നടത്തിവരികയാണ്.
2025 ൽ രത്നഗിരി റിഫൈനറി കോംപ്ലക്സ് പ്രവർത്തനക്ഷമമാകും. പദ്ധതിയുടെ നാലിലൊന്ന് ഓഹരികൾ സ്വന്തമാക്കുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനിയും റിഫൈനറി കോംപ്ലക്സിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ ഒരു ഭാഗം നൽകും. പദ്ധതിയുടെ അവശേഷിക്കുന്ന 50 ശതമാനം ഓഹരികൾ ദേശീയ എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവ സംയുക്തമായി സ്വന്തമാക്കും.