Sorry, you need to enable JavaScript to visit this website.

നിരത്തുകളിൽ ഇനി വനിതാ ടാക്‌സിയും; ചരിത്രമാകുന്ന സവാരികൾ 

കരീം വനിതാ ഡ്രൈവർ റീം ഫറാഹത് സവാരിക്ക് തയാറെടുക്കുന്നു.

വിശ്വസിക്കാനാവുന്നില്ല, എനിക്കിനി മുൻസീറ്റിൽ തന്നെയിരിക്കാമല്ലോ - കരീം ടാക്‌സിയിൽ കയറാനെത്തിയ യാത്രക്കാരിയുടെ അത്ഭുതം....

റിയാദ് - മൊബൈലിൽ സവാരിക്കായുള്ള ക്ഷണം കാത്തിരിക്കുകയാണ് റീം ഫറാഹത്. അൽപ സമയത്തിനകം മൊബൈൽ ശബ്ദിച്ചു. അതിൽ തെളിഞ്ഞ സ്ഥലത്തേക്ക് യാത്രക്കാരിയെ തേടി റീം വണ്ടിയോടിച്ചു. സൗദിയിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവർമാരിലൊരാളായ റീം പുതിയ ജോലി ആസ്വദിക്കുകയാണ്. ഓൺലൈൻ ടാക്‌സി കമ്പനിയായ കരീമിലാണ് റീമിന് ജോലി.
സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗിന് നിലനിന്ന വിലക്ക് നീക്കിക്കൊണ്ടുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സെപ്റ്റംബർ പ്രഖ്യാപനത്തോട് ക്രിയാത്മകമായി പ്രതികരിച്ച പ്രമുഖ സ്ഥാപനങ്ങളാണ് ഓൺലൈൻ ടാക്‌സി രംഗത്തെ അതികായരായ കരീമും ഊബറും. ദുബായ് കേന്ദ്രമായുള്ള കരീം ടാക്‌സി, അപ്പോൾ തന്നെ വനിതകളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുകയും ഡ്രൈവിംഗ് പരിശീലനം ആരംഭിക്കുകയും ചെയ്തു. രണ്ടായിരത്തോളം അപേക്ഷകളാണ് കരീമിന് ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ദുബായിൽ മികച്ച പരിശീലനവും അവർ നൽകി. ഡ്രൈവിംഗ് വിലക്ക് നീങ്ങിയ ജൂൺ 24 ന് തന്നെ കരീമിന്റെ വനിതാ ഡ്രൈവർമാർ സേവന സന്നദ്ധരായി രംഗത്തിറങ്ങി. ഒരു ഡസനോളം 'ക്യാപ്റ്റനാഹ്' ആണ് ഞായറാഴ്ച നിരത്തിലിറങ്ങിയത്. 
പ്രഭാതത്തിൽ, കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ തന്റെ കണ്ണ് നിറഞ്ഞതായി റീം പറഞ്ഞു. താൻ സ്വപ്‌നം കാണുകയാണോ എന്ന് പോലും സംശയിച്ചു. യഥാർഥത്തിൽ താൻ വിങ്ങിക്കരഞ്ഞു. എനിക്കിത് വിശ്വസിക്കാനേ കഴിഞ്ഞില്ല. സൗദിയുടെ വീഥികളിൽ കൂടി ഞാൻ ഡ്രൈവ് ചെയ്യുന്നു. എന്നെത്തന്നെ അതിശയിപ്പിക്കുന്നതായിരുന്നു എന്റെ മാനസികാവസ്ഥ -റീം പറഞ്ഞു.
ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്. എനിക്കിത് ചെയ്യാൻ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ആരെങ്കിലും തുടങ്ങിവെക്കണമല്ലോ -റീം കൂട്ടിച്ചേർത്തു. 
സൗദിയിൽ കരീമിന്റെ ഉപയോക്താക്കളിൽ എഴുപത് ശതമാനവും സ്ത്രീകളാണ്. ഊബർ അധികൃതർ പറയുന്നത് അവരുടെ കസ്റ്റമർസ് 80 ശതമാനവും സ്ത്രീകളാണെന്നാണ്. അതിനാൽ തന്നെ വനിതാ ഡ്രൈവർമാർ കമ്പനിക്ക് വലിയ ഗുണം ചെയ്യുമെന്നുറപ്പ്. 
ഞായറാഴ്ച കരീം ആസ്ഥാന ഓഫീസിൽ വലിയ ആഘോഷമായിരുന്നു. ആദ്യമായി വനിതാ ഡ്രൈവർമാർ ജോലിക്കിറങ്ങുന്നതിന്റെ ആഘോഷം. 20 മുതൽ 50 വരെ പ്രായമുള്ളവരാണ് കരീമിന്റെ വനിതാ ഡ്രൈവർമാർ. വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽനിന്ന് വരുന്നവരാണ് എല്ലാവരുമെന്ന് കമ്പനി സിപിഒ അബ്ദുല്ല ഇല്യാസ് പറഞ്ഞു. ബിരുദവും ബിരുദാന്തര ബിരുദവും നേടിയവരുണ്ട് കൂട്ടത്തിൽ. ഇതൊന്നുമില്ലാത്തവരുമുണ്ട്. ഫുൾടൈമായും പാർട് ടൈമായും ജോലി ചെയ്യുന്നവരുമുണ്ട് -ഇല്യാസ് പറഞ്ഞു.


വിലക്ക് നീങ്ങി ഏതാനും മണിക്കൂറുകൾക്കകം തന്നെ റീമിന് ആദ്യത്തെ സവാരി ലഭിച്ചു. 'ഇതെന്റെ ആദ്യ സവാരിയാണ്, വളരെ ആവേശഭരിതയാണ് ഞാൻ. ആരെയാണ് ഞാൻ എന്റെ വാഹനത്തിൽ കയറ്റാൻ പോകുന്നതെന്ന് അറിയില്ല. എന്തായാലും അവരെത്തേടി ഞാൻ പോകുകയാണ്. അവരുടെ പ്രതികരണവും ഞാൻ കാത്തിരിക്കുന്നു.'
പിതാവിനൊപ്പം ക്വാളിറ്റി കൺട്രോൾ കൺസൾട്ടന്റായി ജോലി ചെയ്യുന്ന റീം ലൈഫ് കോച്ചിംഗിലും പരിശീലനം തേടുന്നു. ജിദ്ദയിൽ സഹോദരിയോടൊപ്പം സ്‌കൂബ ഡൈവിംഗിനും പോകാറുണ്ട്. 
കരീമിനായി സന്ദേശമയച്ച് കാത്തുനിന്ന ലൈല ആശ്‌രിയുടെ അടുത്തേക്കാണ് റീമിന്റെ കാർ ചെന്നുനിന്നത്. വനിതാ ഡ്രൈവറെ കണ്ട ലൈലയും സന്തോഷാതിരേകത്താൽ വീർപ്പുമുട്ടി. 'വിശ്വസിക്കാൻ പറ്റുന്നില്ല. എന്നെ കൂട്ടിക്കൊണ്ടുപോകാൻ നിങ്ങളാണോ വന്നത്, എനിക്ക് വിശ്വസിക്കാനാവുന്നില്ല' -ലൈല അത്ഭുതവും ആഹ്ലാദവും മറച്ചുവെച്ചില്ല. 'എനിക്കിനി മുൻ സീറ്റിൽ തന്നെയിരുന്ന് യാത്ര ചെയ്യാമല്ലോ....'
കാറിൽ കയറിയ ലൈല സുഹൃത്തുക്കൾക്ക് ഈ മഹാത്ഭുതത്തെക്കുറിച്ച് ട്വീറ്റുകൾ അയക്കുന്നതിനിടെ, റീം കാർ പതുക്കെ മുന്നോട്ടെടുത്തു. പുതുയുഗത്തിന്റെ തുടക്കം കുറിച്ച്, തിരക്കേറിയ വീഥിയിൽ നൂറുകണക്കിന് കാറുകളുടെ നിരയിലേക്ക് റീമിന്റെ കാറും അലിഞ്ഞു ചേർന്നു.
 

Latest News