ജയ്പൂർ- രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുതിർന്ന ബി.ജെ.പി നേതാവ് പാർട്ടി വിട്ടു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മുഖ്യ വിമർശകനും വിമതനുമായ ഘനശ്യാം തിവാരിയാണ് ദേശീയ നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചത്.
ഡിസംബറിൽ തെരഞ്ഞെടുപ്പ് നേരിടാനിറങ്ങുന്ന രാജസ്ഥാനിൽ ഘനശ്യാമിന്റെ രാജി ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഏകാധിപതിയെ പോലെയാണ് വസുന്ധര രാജെ സിന്ധ്യ പെരുമാറുന്നതെന്നും അവർ വിവിധ സ്ഥാനമാനങ്ങൾ പുറത്തുള്ളവർക്ക് നൽകി പാർട്ടിയെ കബളിപ്പിച്ചതായും ഇദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
കർഷകർ അനുഭവിക്കുന്ന ദുരിതം, മേൽ ജാതിക്കാർക്കുള്ള സംവരണം, സംസ്ഥാനത്തെ അഴിമതി എന്നീ കാര്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയുമായി തിവാരി ചർച്ച നടത്തിയിരുന്നു. ഈ കാര്യങ്ങളിൽ വേണ്ട നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഭരണ വിരുദ്ധ വികാരം ഗുജറാത്തിലും ശക്തമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽ നിന്നും കനത്ത തോൽവികൾ ബി.ജെ.പിക്ക് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിൽ ഘനശ്യാം തിവാരിയുടെ രാജി ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കും.