Sorry, you need to enable JavaScript to visit this website.

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ  പതിനൊന്ന് പേര്‍ മരിച്ചു

റായ്പൂര്‍-ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ മരിച്ചു. ഒരു കുട്ടിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ജഗത്രയ്ക്ക് സമീപം കങ്കര്‍ ദേശീയ പാതയില്‍ അര്‍ദ്ധരാത്രിയോടെ ബൊലേറോ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എല്ലാവരും  സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സോറമില്‍ നിന്ന് മര്‍ക്കത്തോളയിലേക്ക് പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സ്ഥലത്തുനിന്ന് മുങ്ങിയ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ നിന്ന് വിവരം ശേഖരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഞെട്ടലും നടുക്കവും രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് ആശംസിച്ചു.  


 

Latest News