ന്യൂദല്‍ഹി - ജന്തര്‍ മന്ദറില്‍ സമരം ചെയ്യുന്ന സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്ദറില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അവിടേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. അതേസമയം ഇന്ന് രാവിലെ 9 മണിയോടെ പിന്തുണയ്ക്കുന്ന എല്ലാവരോടും സമര പന്തലില്‍ എത്താന്‍ ഗുസ്തി താരങ്ങള്‍ ആഹ്വാനം ചെയ്തതോടെ സമരം കടുക്കുമെന്ന് വ്യക്തമായി. ഇനിയും നടപടികള്‍ നീളുകയാണെങ്കില്‍ എല്ലാ താരങ്ങളും നേടിയ മെഡലുകള്‍ രാഷ്ട്രപതിക്ക് തിരിച്ചു നല്‍കി കളി നിര്‍ത്തുമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പോലീസുമായി ഏറ്റുമുട്ടലുണ്ടയാത്.