പാലക്കാട്- ഡിവൈഎഫ്‌ഐയെ പുകഴ്ത്തുകയും യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറിനെ കളിയാക്കുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് പരോക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ.
അഭിമാനമാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയറുമെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞു വിഹിതങ്ങള്‍ കൊണ്ടും സുമനസ്‌ക്കരുടെ സഹായം കൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേ സമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും- ഷാഫി പറമ്പില്‍ കുറിച്ചു.
യൂത്ത് കോണ്‍ഗ്രസ് വേദിയിലാണ് ഡി വൈ എഫ് ഐയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത്. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായി പ്രവര്‍ത്തിച്ചത് ഡി വൈ എഫ് ഐക്കാരാണെന്നും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന 'ഹൃദയപൂര്‍വം' പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കെഎസ്‌യു പുനസംഘടിപ്പിക്കാന്‍ പറ്റുന്നില്ല. ക്യാമ്പസുകളില്‍ കെഎസ്‌യു നിര്‍ജീവമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിവൈഎഫ്‌ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് എ.എ. റഹിം അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)