Sorry, you need to enable JavaScript to visit this website.

യുവതികളുടെ അര്‍ധനഗ്ന നൃത്തം വൈറലായി; മലേഷ്യന്‍ പള്ളിയില്‍ ടൂറിസ്റ്റുകള്‍ക്ക് വിലക്ക്

ക്വാലലംപുര്‍- അല്‍പ വസ്ത്രധാരികളായ രണ്ട് വനിതാ ടൂറിസ്റ്റുകള്‍ പള്ളിപരിസത്തു ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലായതോടെ മലേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോട്ട കിനാബലുവിലെ പ്രധാന പള്ളിയില്‍ ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വീഡിയോ വൈറലായതോടെ പ്രദേശവാസികളും പ്രാദേശിക മുസ്ലിം സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബോര്‍നിയോ ദ്വീപിലെ ഈ പ്രധാന പളളിയുടെ നീല, സ്വര്‍ണ നിറങ്ങളിലുള്ള കൂറ്റന്‍ താഴികക്കൂടവും അലങ്കരിച്ച മിനാരങ്ങളും പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ്.   

വിദേശ ടൂറിസ്റ്റുകളുടെ അസ്വീകാര്യമായ പെരുമാറ്റത്തിനെതിരെ പള്ളി ചെയര്‍മാന്‍ ജമാല്‍ സകാരനും വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് പള്ളി അധികൃതര്‍ താല്‍ക്കാലികമായി പള്ളി പരിസരത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പള്ളിയുടെ പവിത്രത കാക്കാനാണ് ഈ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. 

അതേസമയം ഡാന്‍സ് ചെയ്ത യുവതികള്‍ ഏതു രാജ്യക്കാരാണെന്നു തെളിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്നും തങ്ങളുടെ ചെയ്തിയുടെ ഗൗരവം അവര്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ലെന്നും സബാ സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രി ക്രിസ്റ്റീന ലിവ് പ്രതികരിച്ചു. അതേസമയം ഇവരെ കണ്ടെത്തി താക്കീതു നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. മലേഷ്യയില്‍ മാന്യമായ വസ്ത്രം ധരിച്ച് വിദേശ സന്ദര്‍ശകര്‍ക്ക് പള്ളികള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കൊന്നുമില്ല.
 

Latest News