Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം ചൂടുപിടിപ്പിക്കാന്‍ യോഗിയും തൊഗാഡിയയും വരുന്നു

ലഖ്‌നൗ- പൊതുതെരഞ്ഞെടുപ്പ് അടുത്തുവരവെ ഹിന്ദുത്വ ശക്തികളുടെ വര്‍ഗീയ ധ്രുവീകരണ വിഷയമായ അയോധ്യ ചൂടുപിടിക്കുന്നു. അടുത്ത വര്‍ഷം നടക്കാനരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോഡിക്കെതിരെ ശക്തിപ്പെടുന്ന പ്രതിപക്ഷ ഐക്യം ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകള്‍ പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ശക്തമാക്കുകയാണ്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കാളാഴ്ചയും വി.എച്ച്.പി മുന്‍ പ്രസിഡന്റ് പ്രവീണ്‍ തൊഗൊഡിയ ചൊവ്വാഴ്ചയും അയോധ്യ സന്ദര്‍ശിക്കും. മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന യോഗിക്കുമുന്നില്‍ സന്യാസിമാര്‍ രാമക്ഷേത്ര  വിഷയം ഉന്നയിക്കും.
2019 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്ര നിര്‍മണം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയം യോഗിക്കുമുന്നില്‍ ഉന്നയിക്കുമെന്നും രാമജന്മഭൂമി ന്യാസ് അംഗവും മുന്‍ ബി.ജെ.പി എം.പിയുമായ രാംവിലാസ് വേദാന്തി പറഞ്ഞു.
മോഡിജിയും യോഗിജിയും ഉടന്‍ തന്നെ രാമക്ഷേത്ര നിര്‍മിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും അതു നടന്നില്ലെങ്കില്‍ സ്വന്തം നിലയില്‍ നിര്‍മാണം തുടങ്ങാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രവീണ്‍ തൊഗാഡിയ ചൊവ്വാഴ്ച അയോധ്യയിലെത്തുന്നത്. ക്ഷേത്ര നിര്‍മാണം വൈകിപ്പിക്കുന്നതിന് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്ന തൊഗാഡിയ ലഖ്‌നൗവില്‍നിന്ന് അനുയായികളോടൊപ്പം അയോധ്യയിലേക്ക് മാര്‍ച്ച് നടത്തി തന്റെ കരുത്ത് തെളിയിക്കുകയും ചെയ്യും.

Latest News