ജിദ്ദ - മാന്‍പവര്‍ സപ്ലൈ കമ്പനികളെ പോലെ പ്രവര്‍ത്തിക്കുന്ന വന്‍കിട റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കു കീഴിലെ 2,380 ഗാര്‍ഹിക തൊഴിലാളികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടിയതായി റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതി അറിയിച്ചു. ഏകോപന സമിതിക്കു കീഴിലെ 22 റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 2,380 വേലക്കാരാണ് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടിയത്. ജനുവരിയില്‍ 781 ഉം ഫെബ്രുവരിയില്‍ 793 ഉം മാര്‍ച്ചില്‍ 805 ഉം വേലക്കാര്‍ ഒളിച്ചോടി. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്തോനേഷ്യക്കാരാണ്. ജനുവരിയില്‍ 645 ഉം ഫെബ്രുവരിയില്‍ 667 ഉം മാര്‍ച്ചില്‍ 674 ഉം ഇന്തോനേഷ്യന്‍ വേലക്കാരികള്‍ തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി.
വ്യാജ ഓഫറുകളാണ് വേലക്കാരികള്‍ ഒളിച്ചോടാന്‍ പ്രധാന കാരണമെന്ന് സമിതി പറഞ്ഞു. അനധികൃത രീതിയില്‍ ധനസമ്പാദനത്തിന് ശ്രമിക്കുന്ന ചിലയാളുകള്‍ ഒളിച്ചോടുന്ന വേലക്കാരികളെ ചൂഷണം ചെയ്ത് മറ്റുള്ളവര്‍ക്ക് കൈമാറി പണമുണ്ടാക്കുകയാണ്. തൊഴില്‍ സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന വേലക്കാരികള്‍ക്ക് തൊഴിലുടമകള്‍ ജോലി നല്‍കരുത്. വേലക്കാരെ റിക്രൂട്ട് ചെയ്യാനും താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താനും തൊഴിലുടമകള്‍ ലൈസന്‍സുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളുമായി മാത്രം ഇടപാടുകള്‍ നടത്തണം. 2018 ല്‍ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്കു കീഴിലെ 5,661 ഉം 2019 ല്‍ 6,117 2020 ല്‍ 6,994 ഉം 2021 ല്‍ 3,471 ഉം 2022 ല്‍ 6,561 ഉം ഗാര്‍ഹിക തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നിന്ന് ഒളിച്ചോടിയിരുന്നു.