ന്യൂഡൽഹി - ദി കേരള സ്റ്റോറി സിനിമയ്‌ക്കെതിരായ ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കേരള ഹൈക്കോടതി സമാനമായ ഹരജി പരിഗണിക്കുന്നുണ്ടൈന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് ഉലമ ഹിന്ദിനു വേണ്ടി അഡ്വ. നിസാം പാഷയും കഥ പൂർണമായും സാങ്കൽപ്പികമാണെന്ന അവകാശവാദം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഡ്വ. വൃന്ദ ഗ്രോവറുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സിനിമ മെയ് അഞ്ചിന് വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണെന്നും അന്നാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നതെന്നും വൃന്ദ ഗ്രോവർ സുപ്രിം കോടതിയെ അറിയിച്ചു. നേരത്തെ വാദം കേൾക്കുന്നതിന് ഹർജിക്കാർക്കു ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.