മുംബൈ - എന്‍.സി പി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരദ് പവാറിന്റെ രാജി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. മമതാ ബാനര്‍ജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണില്‍ സംസാരിച്ചു. 2024 ലെ ലോക്സഭാ തിരെഞ്ഞെടുപ്പില്‍ പവാറിന്റെ പങ്ക് വലുതാണെന്നും അതിനാല്‍ രാജി തീരുമാനം പിന്‍വലിക്കണമെന്നും മമതയും നിതിഷ് കുമാറും പറഞ്ഞു. രാജി പിന്‍വലിച്ചാല്‍ പ്രതിപക്ഷ ഐക്യത്തെ അത് ശക്തിപ്പെടുത്തുമെന്നും ഇരുവരും ശരത് പവാറിനെ അറിയിച്ചു. അതിനിടെ വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജി തീരുമാനം ശരത്പവാര്‍ പുന: പരിശോധിച്ചേക്കുമെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ ഇന്നലെ അറിയിച്ചിരുന്നു. എന്‍ സി പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തട്കരെ, കെ.കെ. ശര്‍മ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, അനില്‍ ദേശ്മുഖ് എന്നിവര്‍ രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇന്ന് പവാറിനെ കാണുന്നുണ്ട്. ഇന്നലെയാണ് അപ്രതീക്ഷിതമായി എന്‍. സി. പി. അധ്യക്ഷ സ്ഥാനം ശരദ് പവാര്‍ ഒഴിഞ്ഞത്. എന്‍ സി പിക്കുള്ളില്‍ ആഭ്യന്തര ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യല്‍ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ എന്‍ സി പി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചത്.