കോഴിക്കോട്- ആളുകളെ വശീകരിച്ച് സ്വകാര്യനിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തി പണം തട്ടുന്ന സംഘങ്ങൾ വിലസുന്നതായി പരാതി. ആളുകളെ ലൈംഗീക ബന്ധത്തിന് ക്ഷണിച്ച ശേഷം ആ രംഗങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് ലക്ഷങ്ങൾ കൈക്കലാക്കുന്നത്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അധ്യാപകരും സർക്കാർ ജീവനക്കാരുമടക്കം നിരവധി പേർ ഈ വലയിൽ കുടുങ്ങിയതായാണ് സംശയം. മാനഹാനി ഭയന്ന് ആരും സംഭവം പുറത്തുപറയാത്തതാണ് തട്ടിപ്പുകാർക്ക് സഹായമാകുന്നത്.
ഒരു മണിക്കൂറിന് എണ്ണായിരം രൂപക്കാണ് ഇടപാടുറപ്പിക്കുന്നത് എന്നും വാർത്തയിൽ പറയുന്നു. ശാരീരിക ബന്ധത്തിന് ശേഷം ഇടപാടുകാരനെ പറഞ്ഞുവിടും. പിന്നീട് ഫോൺ ചെയ്ത ശേഷം 75,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. പണം നൽകാൻ തയ്യാറാകാത്തവരുടെ വാട്സാപ്പിലേക്ക് നേരത്തെ എടുത്ത സ്വകാര്യനിമിഷങ്ങളുടെ ചിത്രങ്ങൾ അയക്കുകയും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇതോടെ ഇടപാടുകാരൻ വീഴുകയും ആവശ്യപ്പെടുന്ന പണം നൽകുകയും ചെയ്യും. നിരവധി പേർ ഇത്തരം വലയിൽ വീണെന്നും പോലീസ് സഹായം തട്ടിപ്പുകാർക്കൊപ്പമുണ്ടെന്നുമാണ് ആരോപണം.