ചെന്നൈ- അപ്പോ എങ്ങനെയാ, ഇനി വിവാഹ മോചനവും ഫോട്ടോ ഷൂട്ടെടുത്ത് ആഘോഷമാക്കിയാലോ. വിവാഹ നിശ്ചയവും സേവ് ദി ഡേറ്റും വിവാഹവും മധുവിധുവും വരെ ഫോട്ടോയും വീഡിയോയുമാക്കി നാടായ നാട്ടിലെല്ലാം കാണുന്ന വിധത്തില്‍ ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമൊക്കെ പോസ്റ്റുന്നവര്‍ക്കിതാ ഒരു പുതിയ ആഘോഷവും വന്നെത്തിയിരിക്കുന്നു- വിവാഹ മോചനവും ഇനി ആഘോഷമാക്കി ഇന്‍സ്റ്റയില്‍ സ്‌റ്റോറിയും റീല്‍സുമൊക്കെയാക്കാം.
സംഗതി നടന്നത് തമിഴ്‌നാട്ടിലാണെങ്കിലും വൈകാതെ കേരളത്തിലേക്കുമെത്തിക്കൂടെന്നില്ല. തമിഴ് സീരിയല്‍ താരവും ഫാഷന്‍ ഡിസൈനറുമായ ശാലിനിയാണ് തന്റെ വിവാഹ മോചനം 'ഗംഭീരമായി' ആഘോഷിച്ചത്. ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയും ഡിവോഴ്‌സ് എന്നെഴുതിയ അക്ഷരങ്ങല്‍ ചേര്‍ത്തു പിടിച്ചും ചുവന്ന വസ്ത്രത്തില്‍ ആഘോഷമാക്കുന്ന ശാലിനി ഇതിനകം വൈറലായിട്ടുണ്ട്.
മോശം ദാമ്പത്യം അവസാനിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും നിങ്ങള്‍ക്ക് സന്തോഷവതിയായിരിക്കാന്‍ അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പും ശാലിനി തന്റെ ഫോട്ടോകള്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിട്ടുണ്ട്. സന്തോഷത്തില്‍ കുറവു വരുത്തരുത്. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. നിങ്ങളുടേയും കുട്ടികളുടേയും മികച്ച ഭാവിക്കായി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. വിവാഹ മോചനം ഒരു പരാജയമല്ല, വഴിത്തിരിവാണ്. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നില്‍ക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്. അതിനാല്‍ അവിടെയുള്ള എന്റെ എല്ലാ ധൈര്യശാലികള്‍ക്കും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു എന്നാണ് ശാലിനിയുടെ കുറിപ്പ്.
ഫോട്ടോ ഷൂട്ടിനെ അനുകൂലിച്ചും എതിര്‍ത്തും ട്രോളിയും നിരവധി കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെയുണ്ട്.