ന്യൂദല്‍ഹി - രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 'ദ കേരള സ്‌റ്റോറി' സിനിമയുടെ പ്രത്യേക പ്രദര്‍ശനം. ഇടതുപക്ഷ വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെ എ.ബി.വി.പിയുടെ നേതൃത്വത്തിലാണ് യൂണിവേഴ്‌സിറ്റിയില്‍ സിനിമാ പ്രദര്‍ശനം നടത്തിയത്. കാമ്പസിലെ കണ്‍വന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രദര്‍ശനത്തിന് നിരവധി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.
മേയ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 32,000 പെണ്‍കുട്ടികള്‍ കേരളത്തില്‍നിന്ന് പശ്ചിമേഷ്യയില്‍ പോയി ഐ.എസ്.ഐ.എസില്‍ ചേര്‍ന്നുവെന്ന് അവകാശപ്പെടുന്നതാണ് സിനിമ. ഇത് കേരളത്തെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണുകളില്‍നിന്ന് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സിനിമയുടെ ട്രെയിലര്‍ ഡിസ്‌ക്രിപ്ഷനില്‍ 32,000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്നായിരുന്നു നല്‍കിയിരുന്നത്. പ്രതിഷേധം കനത്തതോടെ ഇത് മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം സിനിമക്ക് ചില മാറ്റങ്ങളോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തിരുന്നു.