പെരിന്തൽമണ്ണ- ഏലംകുളം മാട്ടായി കുന്തിപ്പുഴയിൽ പറയൻതുരുത്ത് കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാട്ടായി ചീനിക്കാപറമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ പ്രണവ് (20) ആണ് അപകടത്തിൽപ്പെട്ടത്. വടകരയിൽ എൻജിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയാണ് പ്രണവ്. ബന്ധുവും സുഹൃത്തുമായ അമൽദേവിനൊപ്പം തിങ്കളാഴ്ച ഉച്ചക്ക് കുളിക്കാൻ ഇറങ്ങുകയും അക്കര ഭാഗത്തേക്ക് നീന്തുകയും പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോഴേക്കും തളർന്ന് മുങ്ങിത്താഴുകയുമായിരുന്നു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പുറത്തെടുത്തു പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് നടപടികൾക്ക് ശേഷം ഷൊർണൂർ പുണ്യതീരത്ത് ഇന്നലെ സംസ്‌കരിച്ചു. നന്ദന ഏക സഹോദരിയാണ് തിങ്കളാഴ്ച രാത്രി പിതാവ് വിദേശത്ത് നിന്നു വരുന്ന ദിവസമാണ് അപകടം.