Sorry, you need to enable JavaScript to visit this website.

സോണിയാ ഗാന്ധിയുടെ വസതിക്ക് സുരക്ഷ കൂട്ടി; ബജ്‌റംഗ്ദളിന്റെ പ്രതിഷേധത്തിന് ചൂട് പകർന്ന് മോഡി

ന്യൂഡൽഹി - കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്കും കോൺഗ്രസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടി. ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിൽ സംഘപരിവാർ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കോൺഗ്രസിന്റെ കർണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്.
 കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ ബജ്‌റംഗ്ദളും പോപ്പുലർ ഫ്രണ്ടും പോലെ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന പ്രകടനപത്രികയിലെ പരാമർശമാണ് ബജ്‌റംഗ്ദളിന്റെ പ്രകോപനം. ബെംഗളൂരുവിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
 പ്രകടനപത്രികക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ബി.ജെ.പി നേതാക്കളും സംഘപരിവാർ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹനുമാന്റെ നാട്ടിൽ ആദരവ് അർപ്പിക്കുന്നതിനായി താൻ എത്തിയപ്പോൾ 'ജയ് ബജ്രംഗ് ബലി' എന്ന് വിളിക്കുന്നവരെ തടയുന്നതിനുള്ള പ്രകടന പത്രികയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണെന്ന് പറഞ്ഞാണ് മോഡി കോൺഗ്രസ് വിരുദ്ധ നീക്കത്തിന് എരിവ് പകർന്നത്.
 നേരത്തെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ 'ജയ് ബജ്രംഗ് ബലി' എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്ന് മോഡി പറഞ്ഞു. രാജ്യത്തിന്റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കലും അഭിമാനമുണ്ടായിരുന്നില്ല. കോൺഗ്രസ് ഇവിടെ ജയിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് കാലങ്ങളായി സ്വീകരിച്ചുവരുന്നത്. സർജിക്കൽ സ്‌ട്രൈക്കും എയർ സ്‌ട്രൈക്കും നടത്തിയതിന് കോൺഗ്രസ് രാജ്യത്തെ പ്രതിരോധ സേനകളെ പരിഹസിച്ചു. കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ബി ജെ പി പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽ വച്ചിരിക്കുന്നതെന്നും മോഡി അവകാശപ്പെട്ടു.

Latest News