ജിയോളജി വകുപ്പിന് ഇരട്ട നിലപാട്; മണ്ണും കല്ലും കിട്ടാതെ കരിപ്പൂരില്‍ റണ്‍വേ വികസനം നിലച്ചു

കൊണ്ടോട്ടി- മണ്ണും കല്ലും ലഭ്യമാക്കുന്നതിന് കരിപ്പൂര്‍ വിമാനത്താവള പ്രവൃത്തിക്കും ദേശീയ പാത പ്രവൃത്തിക്കും ജിയോളജി വകുപ്പിന് ഇരട്ട നിലപാട്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റീ ടാറിംങ്ങ് പ്രവര്‍ത്തിക്ക് മണ്ണ് ലഭിക്കുന്നതിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കിയപ്പോള്‍ ദേശീയപാത വികസനത്തിന് മണ്ണ് ഇടുന്നതിനും നീക്കം ചെയ്യുന്നതിനും പാരിസ്ഥിതിക അനുമതി ആവശ്യമില്ല.ഇതോടെ കരിപ്പൂര്‍ റണ്‍വേ പ്രവൃത്തികള്‍ നിലച്ചിരിക്കുകയാണ്.

   റണ്‍വേയുടെ ഇരുവശത്തും ഗ്രേഡിങ് പ്രവൃത്തികള്‍ക്കാവശ്യമായ മണ്ണ് ലഭ്യമാക്കാനുള്ള നടപടികളാണ് ഇതുമൂലം വൈകുന്നത്. ഒരുലക്ഷം ക്യുബിക് മണ്ണാണ് റണ്‍വേയുടെ വശങ്ങളില്‍ ആവശ്യമായി വന്നിരിക്കുന്നത്. മണ്ണെടുക്കാനുള്ള സ്ഥലമടക്കം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരേ അനുമതി ലഭിച്ചിട്ടില്ല. ജിയോളജി വകുപ്പിന് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പാരിസ്ഥിതിക അനുമതി വേണമെന്നാണ് ജിയോളജി വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ദേശീയപാത പ്രവൃത്തികള്‍ക്ക് മണ്ണും കല്ലും എത്തിക്കുന്നതിന് പാരിസ്ഥിതിക അനുമതിയില്‍ നിന്നും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തെ ഒഴിവാക്കിയിട്ടില്ലെന്ന് ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നു.വിമനാത്താവളത്തിന് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കാന്‍ കാരണമിതാണ്.
  വിമാനത്താവള പ്രവൃത്തികള്‍ക്കും മണ്ണും കല്ലും ലഭ്യമാക്കാന്‍ പാരിസ്ഥിതിക അനുമതിയിലെ ഇളവ് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മലപ്പുറം ജില്ലാ വികസന സമിതി യോഗത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഡയറക്ടറുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതിക്കുള്ള ഇളവിന് അപേക്ഷ വാങ്ങി സര്‍ക്കാരില്‍ നിന്നും ഇളവ് അനുവദിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ മലപ്പുറം ജില്ലാ കലക്ടര്‍ പ്രേംകുമാര്‍ ജില്ലാ ജിയോളജിസ്റ്റിനെ അധികാരപ്പെടുത്തി.റണ്‍വേ റീ കാര്‍പ്പറ്റിംങ് നടത്തിയപ്പോള്‍ വശങ്ങള്‍ താഴ്ന്ന നിലയിലാണ്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തികളാണ്   തടസ്സപ്പെട്ടിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

Latest News