ന്യൂദല്‍ഹി- കരസേന ഉദ്യോഗസ്ഥനായ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെ മറ്റൊരു കരസേനാ മേജര്‍ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ അവിഹിത പ്രണയം. ശൈലജയെ കൊലപ്പെടുത്തിയ മേജര്‍ നിഖില്‍ ഹന്ദ ഇവരെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നിരവധി തവണ വിവാഹാഭ്യാര്‍ത്ഥന നടത്തിയിട്ടും നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ശൈലജയുടെ ഭര്‍ത്താവ് മേജര്‍ അമിത് ദ്വിവേദിയുടെ മുന്‍ സഹപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ നിഖില്‍ ഹന്ദ. ശനിയാഴ്ച രാവിലെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നും ഉച്ചയ്ക്കു ശേഷം ദല്‍ഹി കന്റോണ്‍മെന്റ് മെട്രോ സ്റ്റേഷനു സമീപത്തുവച്ചു കൃത്യം ചെയ്തുവെന്നും നിഖില്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. ഭര്‍ത്താവറിയാതെ താനുമായുള്ള അവിഹിത ബന്ധം തുടരാന്‍ ശൈലജ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്നും നിഖില്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
നാഗാലന്‍ഡിലെ ദിമപൂരില്‍ ഭര്‍ത്താവ് മേജര്‍ അമിതിന് പോസ്്റ്റിങ് ലഭിച്ചതോടെ 2015-ലാണ് ശൈലജ മേജര്‍ നിഖിലുമായി പരിചയപ്പെടുന്നത്. ഇവര്‍ പിന്നീട് സുഹൃത്തുക്കളായി. നിഖിലിന് ശൈലജയെ ഒഴിവാക്കാന്‍ കഴിയാതെ വരികയും വിവാഹത്തിനായി നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയും ചെയ്തു. എന്നാല്‍ ആറു വയസ്സുകാരന്‍ മകനുള്ള ശൈലജക്ക് വിവാഹത്തില്‍ ശൈലജക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. നിഖിലുമായുള്ള ശൈലജയുടെ അടുപ്പം ഭര്‍ത്താവ് അമിത് നേരത്തെ പിടികൂടുകയും ചെയ്തിട്ടുണ്ട്്. ഈ ബന്ധത്തെ അമിത് എതിര്‍ക്കുകയും ഇരുവരും തമ്മില്‍ ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ രണ്ടു മാസം മുമ്പ് ഭര്‍ത്താവ് മേജര്‍ അമിതിന് ദല്‍ഹിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ ശൈലജ ഭര്‍ത്താവിനൊപ്പം ദല്‍ഹിയിലേക്കു വന്നു.
എന്നിട്ടും ശൈലജയെ വിടാന്‍ നിഖില്‍ തയാറായില്ല. അസുഖബാധിതനായ മകനെ നാഗാലാന്‍ഡില്‍ ചികിത്സിക്കാന്‍ സൗകര്യമുണ്ടായിട്ടും ദല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അതുവഴി ശൈലജയെ കാണാനാണ് മേജര്‍ നിഖില്‍ ദല്‍ഹിയിലെത്തിയത്. കൊലപാതകം നടന്ന ശനിയാഴ്ച ഇരുവരും പലതവണ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഔദ്യോഗിക വാഹനത്തില്‍ ദല്‍ഹി കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ എത്തിയ ശൈലജയെ കാണാതാകുകയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയില്‍ ഫിസിയോതെറപി ചെയ്യാനെത്തിയ ശൈലജയെ തിരികെ കൊണ്ടു പോകാന്‍ ഭര്‍ത്താവ് മേജര്‍ നിഖിലിന്റെ ഔദ്യോഗിക വാഹനവുമായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ഇവര്‍ ആശുപത്രിയിലെത്തിയിട്ടില്ലെന്നറിയുന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ നിന്ന് മേജര്‍ നിഖിലിന്റെ കാറില്‍ ശൈലജ കയറി പോയതായി വ്യക്തമായി. വിവാഹത്തെ ചൊല്ലി കാറില്‍ ഇരുവരും വഴക്കിട്ടു. ഇതിനെ കയ്യില്‍ കരുതിയ കത്തിയെടുത്ത് നിഖില്‍ ശൈലജയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നീട് റോഡിലേക്കു തള്ളി. വാഹനാപകട മരണമാണന്ന് വരുത്തി തീര്‍ക്കാന്‍ മേജര്‍ നിഖില്‍ കാര്‍ ശൈലജയുടെ മൃതദേഹത്തിലൂടെ കയറ്റിയിറക്കുകയും ചെയ്‌തെന്നുമാണ് പോലീസ് കണ്ടെത്തിയത്. പിന്നീട് അവിടെ നിന്നും പോയ നിഖില്‍ അല്‍പ്പ സമയത്തിനു ശേഷം മൃതദേഹത്തിനടുത്തേക്ക് തിരിച്ചുവന്നുവെങ്കിലും പോലീസിനെ കണ്ടതോടെ സ്ഥലംവിടുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലേക്കാണ് ഇദ്ദേഹം മുങ്ങിയത്. ഞായറാഴ്ച ദല്‍ഹി പോലീസ് മീററ്റില്‍ നിന്നാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്.