Sorry, you need to enable JavaScript to visit this website.

സുഷമാ സ്വരാജിന് ഇസ്‌ലാമിക് കിഡ്‌നി; മന്ത്രിയെ ഹിന്ദുത്വ വാദികള്‍ തേച്ചരക്കുന്നു

ന്യൂദല്‍ഹി- മിശ്രവിവാഹിതരെ അവഹേളിച്ച സംഭവത്തില്‍ ലഖ്‌നൗ പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയതിന്റെ പേരില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഹിന്ദുത്വ വാദികളുടെ പൊങ്കാല. ഒരാഴ്ചത്തെ യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് ദല്‍ഹിയില്‍ തിരിച്ചെത്തിയ മന്ത്രിയെ ഞെട്ടിക്കുന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലെ വിമര്‍ശം.
മന്ത്രി തന്നെയാണ് ഹിന്ദുത്വ വാദികളുടെ ഹീനമായ വിമര്‍ശന ട്രോളുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ചില ട്വീറ്റുകള്‍ കൊണ്ട് താന്‍ ആദരിക്കപ്പെട്ടുവെന്നാണ് അവരുടെ സന്ദേശം.
ജൂണ്‍ 17 മുതല്‍ 23 വരെ ഇന്ത്യക്ക് പുറത്തായിരുന്നു. എന്റെ അഭാവത്തില്‍ ഇവിടെ എന്താണ് സംഭവിച്ചതെന്നറിയില്ല. എന്നാല്‍ ചില ട്വീറ്റുകള്‍ കൊണ്ട് ഞാന്‍ ആദരിക്കപ്പെട്ടു. അവ ഇവിടെ ഷെയര്‍ ചെയ്യുന്നു. ഞാന്‍ അവ ലൈക്ക് ചെയ്തിട്ടുമുണ്ട്- സുഷമാ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞു.
സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പൗരന്മാര്‍ നല്‍കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുന്ന മന്ത്രി സുഷമ സ്വരാജിന്റെ നടപടികള്‍ പാര്‍ട്ടിഭേദമന്യേ എല്ലാവരും പ്രകീര്‍ത്തിക്കാറുണ്ട്.
ലഖ്‌നൗവില്‍ മിശ്രവിവാഹിതരായ മുഹമ്മദ് അനസ് സിദ്ദീഖിക്കും തന്‍വി സേത്തിനും പാസ്‌പോര്‍ട്ട് ഓഫീസറില്‍നിന്ന് നേരിട്ട പീഡനത്തെ കുറിച്ചുള്ള പരാതിയില്‍ ദമ്പതികള്‍ മന്ത്രി സുഷമയേയും ടാഗ് ചെയ്തിരുന്നു. ഭര്‍ത്താവിനോട് ഹിന്ദു മതം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും മുസ്‌ലിമിനെ വിവാഹം ചെയ്തതിന് ഭാര്യയെ അവഹേളിക്കുകയും ചെയ്ത റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ വികാസ് മിശ്രയെ ഇതേ ദിവസം ഖൊരക്പൂരിലേക്ക് സ്ഥലം മാറ്റി.
വികാസ് മിശ്രയെ സ്ഥലം മാറ്റാന്‍ മന്ത്രി ഉത്തരവിട്ടുവെന്ന് ആരോപിച്ചാണ് അവര്‍ക്കെതിരായ ട്രോള്‍ പ്രവാഹം. താന്‍ ലൈക്ക് ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് മന്ത്രി ഷെയര്‍ ചെയ്ത രണ്ട് ട്വീറ്റുകള്‍ വര്‍ഗീയവും ഹീനവുമാണ്.
ഇതു നിങ്ങളുടെ ഇസ്‌ലാമിക് കിഡ്‌നിയുടെ ഫലമാണോയെന്ന് ഇന്ദ്ര ബാജ്‌പൈ ചോദിക്കുന്നതാണ് ഒരു ട്വീറ്റ്. ആരില്‍നിന്നോ കടം കിട്ടിയ കിഡ്‌നിയുമാണ് അവര്‍  ജീവിക്കുന്നതെന്നും ഏതു സമയത്തും അതു നിലക്കാമെന്നും അവര്‍ മരിച്ചുകഴിഞ്ഞെന്നുമാണ് ക്യാപ്റ്റന്‍ സരബ്ജിത് ധില്ലന്റെ ട്വീറ്റ്.
വികാസ് മിശ്രയോടൊപ്പമെന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്ത് ഭൂരിഭാഗം ട്വീറ്റുകളും വര്‍ഗീയ പ്രേരിതവും ക്രൂരവുമാണ്.
സ്വന്തം മന്ത്രിക്കു പോലും ഇതാണ് അനുഭവമെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ എന്നു ചോദിച്ചിരിക്കയാണ് പ്രശസ്ത മാധ്യമ പ്രവര്‍ ബര്‍ഖ ദത്ത് ട്വിറ്ററില്‍.
മതേതരത്വം കൂടിയ മന്ത്രിയെ ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിലും ബി.ജെ.പി അനുകൂലികള്‍ മന്ത്രിക്കെതിരെ വാളോങ്ങി. ഏതാനും മണിക്കൂറുകള്‍ക്കകം അവരുടെ ഫെയ്‌സ് ബുക്ക് പേജിന്റെ റേറ്റിംഗ് 4.3 സ്റ്റാറില്‍നിന്ന് 1.4 സ്റ്റാറായി. ഒടുവില്‍ ഈ പേജിലെ റിവ്യൂ നിര്‍ത്തിയിരിക്കയാണ്.
 

Latest News