തിരുവനന്തപുരം - സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ ബി ജെ പി കൗണ്‍സിലര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. പി.ടി.പി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.ജി ഗിരികുമാര്‍, കുണ്ടമണ്‍കടവ് ഇലിപ്പോട് സ്വദേശി ശബരി എസ് നായര്‍ എന്നിവരെയാണ് ഇന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിച്ചത് കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ് നായരും ചേര്‍ന്നാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗൂഡാലോചന നടത്തിയതിനാണ് കൗണ്‍സിലര്‍ വി.ജി.ഗിരികുമാറിനെ അറസ്റ്റ്് ചെയ്തത്. ബി ജെ പിയുടെ തിരുവനന്തപുരത്തെ പ്രമുഖ നേതാവായ ഗിരികുമാര്‍ നഗരസഭയിലെ ബി ജെ പി പ്രക്ഷോഭങ്ങളുടെയെല്ലാം മുന്‍ നിരയിലുള്ളയാളാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാനുള്ള പ്രേരണ പ്രതികള്‍ക്ക് നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. രണ്ടാം പ്രതി കൃഷ്ണകുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു.