സൗദിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അമ്പത് ഹലാലയ്ക്ക് പകരം ച്യൂയിംഗം ലഭിക്കുക പതിവാണ്. കുട്ടികളില്ലാത്ത വീടാണെങ്കില്‍ വലിച്ചെറിയുകയേ നിര്‍വാഹമുള്ളു. പ്രത്യേകിച്ച് കാര്യമില്ലാത്ത ഒരു ഉല്‍പന്നമാണ് ഇത് മുതിര്‍ന്നവര്‍ക്ക്. പണം നല്‍കി വാങ്ങുന്ന ച്യുയിംഗം രുചിതീരും വരെ ചവച്ചരച്ചശേഷം തൊട്ടടുത്തു കാണുന്ന ചുമരുകളിലും മേശയ്ക്കടിയിലും സിനിമാതീയറ്ററിലെ സീറ്റിലുമൊക്കെ ഒട്ടിച്ചുവച്ച് നാട്ടുകാര്‍ക്ക് പണി കൊടുക്കുന്നവര്‍ കേരളത്തിലുമുണ്ട്. ശ്രദ്ധിക്കാതെ ഇവയില്‍ ഇരിക്കുന്നവര്‍ക്കോ തൊടുന്നവര്‍ക്കോ പണി കിട്ടുകയും ചെയ്യും. ഇതിനൊരു മറുമരുന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ആംസ്റ്റര്‍ഡാമുകാര്‍. കനാലുകളുടെ നഗരമായ ഇവിടെയെത്തുന്ന സഞ്ചാരികള്‍ ച്യുയിംഗം ചവച്ചരച്ചു തുപ്പി കുളമാക്കിയതോടെയാണ് ച്യുയിംഗം മാലിന്യത്തെ എങ്ങിനെയും നേരിടണമെന്ന ചിന്തയുദിക്കുന്നത്. ഒടുവില്‍ പരിഹാര മാര്‍ഗവും കിട്ടി. ച്യുയിംഗം മാലിന്യം ശേഖരിച്ച് ഷൂ ഉണ്ടാക്കുക. ഷൂ ഡിസൈനിംഗ് കമ്പനിയാണ് ഐഡിയയ്ക്ക് പിന്നില്‍. ചവച്ചു തുപ്പുന്ന മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം ച്യുയിംഗത്തിലെ സിന്തറ്റിക്ക് റബറിനെ വേര്‍തിരിച്ചെടുത്ത് ഷൂവിന്റെ സോള്‍ നിര്‍മ്മിക്കുക, ഇതായിരുന്നു കമ്പനി എം.ഡി അന്നാ ബല്ലൂസിന്റെ ബിസിനസ് തന്ത്രം. സര്‍ക്കാരും ജനങ്ങളും ഒപ്പം നിന്നു. ഒരു വര്‍ഷം 3.3 മില്യണ്‍ പൗണ്ട് ഗമ്മാണ് ഷൂ നിര്‍മ്മാണത്തിനായി ശേഖരിക്കുന്നത്. ഇതുപയോഗിച്ച് ഷൂവിന്റെ സോള്‍ നിര്‍മ്മിക്കും. ബാക്കിയുള്ള ഭാഗങ്ങള്‍ തുകലിലും ചേര്‍ക്കും. മറ്റ് നഗരങ്ങളിലേക്കും പദ്ധതി നടപ്പാക്കാനിരിക്കുകയാണ് ബല്ലൂസിന്റെ ഷൂ ഇപ്പോള്‍ വിപണിയില്‍ ചൂടപ്പമാണ്.