എലികളുടെ മേല്‍ എപ്പോഴും ഒരു കണ്ണുവെയ്ക്കുന്നത് നല്ലതാണ്, ഇല്ലെങ്കില്‍ പണം പോകുന്ന വഴിയറിയില്ല

കൊല്‍ക്കത്ത - എലികളുടെ മേല്‍ എപ്പോഴും ഒരു കണ്ണുവെയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ പണം പോയ വഴിയറിയില്ല. സംശയമുണ്ടെങ്കില്‍ ബംഗാളിലെ മിഡ്‌നാപ്പൂരില്‍ നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞാല്‍ മതി. പലചരക്ക് കടയിലെ മേശയില്‍ സൂക്ഷിച്ച 13,000 രൂപയാണ് ഒരു കുഞ്ഞന്‍ എലി മോഷ്ടിച്ചു കൊണ്ടുപോയത്. പണം സൂക്ഷിച്ചിരുന്ന ഡ്രോയറിലെ വിടവിലൂടെയായിരുന്നു എലി വിദഗ്ധമായി പണം 'മോഷ്ടിച്ചത്'. മോഷ്ടിച്ച പണം രഹസ്യമായി ഒരിടത്ത് ഒളിപ്പിക്കുകയും ചെയ്തു. എലിയുടെ മോഷണ രംഗങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞത് കൊണ്ട് മാത്രമാണ് കടയുടമയ്ക്ക് പണം തിരികെ കിട്ടിയത്. എന്നിട്ടും അതില്‍ നിന്നും 300 രൂപ കാണിനില്ല. 12,700 രൂപ മാത്രമേ തിരികെ ലഭിച്ചുള്ളൂ. മിഡ്നാപൂരിലെ അമല്‍ കുമാര്‍ മൈത്തി എന്ന പലചരക്ക് വ്യാപാരിയുടെ കടയിലാണ് എലിയുടെ മോഷണം. കഴിഞ്ഞ ദിവസം രാത്രി അമല്‍കുമാര്‍  കടയടച്ചു. പിറ്റേന്ന് രാവിലെ 9 മണിയോടെ കട തുറന്നപ്പോഴാണ് കളക്ഷനില്‍ കുറവുണ്ടെന്ന് അറിയുന്നത്. ഒരു ജോലിക്കാരന്‍ മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. അവനെ അവിശ്വസിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല. പോലീസില്‍ പരാതിപ്പെടുന്നതിന് മുന്‍പ് മുന്‍പ് സിസിടിവി പരിശോധിച്ചു. ആദ്യം പ്രത്യേകിച്ച് ഒന്നും കണ്ടില്ല. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കള്ളന്‍ എലിയാണെന്ന് മനസിലായത്. എലി നോട്ടുകള്‍ കടിച്ചെടുത്ത് ഒരു കുഴിയില്‍ പോകുന്നതാണ് സിസിടിവിയില്‍ കാണുന്നത്. അല്‍പ്പസമയത്തിനകം വീണ്ടും പുറത്തുവരികയും വീണ്ടും നോട്ടെടുക്കുകയും ചെയ്തു. 12,700 രൂപയാണ് എലിയുടെ മാളത്തില്‍ നിന്ന് തിരികെ കിട്ടിയതെന്ന് കടയുടമ പറഞ്ഞു.എന്നാല്‍ 300 രൂപ എവിടെപ്പോയെന്ന് ഇപ്പോഴും അറിയില്ല.

 

 

Latest News